
തിരുവനന്തപുരം: ലോകായുക്ത ഭേദഗതിയുമായി സംബന്ധിച്ച ചർച്ചയ്ക്കിടെ കെ ടി ജലീൽ എം എൽ എയ്ക്കെതിരെ ആത്മഗതം നടത്തി സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും മുൻ ആരോഗ്യമന്ത്രിയുമായ കെ കെ ശൈലജ. ഇയാൾ നമ്മളെ കുഴപ്പത്തിലാക്കുമെന്നാണ് നിയമസഭയിൽ കെ കെ ശൈലജ പറഞ്ഞത്.
കെ ടി ജലീൽ പ്രസംഗിക്കാൻ എഴുന്നേറ്റതിന് പിന്നാലെയായിരുന്നു കെ കെ ശൈലജയുടെ പരാമർശം. മൈക്ക് ഓൺ ആണെന്നത് ശ്രദ്ധിക്കാതെയായിരുന്നു ശൈലജ ആത്മഗതം നടത്തിയത്. പിന്നാലെ പരാമർശം ആയുധമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം.
അതേസമയം, പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കുമിടെ ലോകായുക്ത ബില്ല് നിയമസഭയിൽ അവതരിപ്പിച്ചു. നിയമമന്ത്രി പി രാജീവാണ് ബിൽ അവതരിപ്പിച്ചത്. ബില്ലിനെതിരായ തടസവാദങ്ങൾ സ്പീക്കർ തള്ളിയതിന് പിന്നാലെയാണ് ബിൽ അവതരണം ആരംഭിച്ചത്.
ലോകായുക്ത ജുഡീഷ്യൽ സംവിധാനമല്ലെന്നും അന്വേഷണ സംവിധാനമാണെന്നും ബില്ല് അവതരിപ്പിക്കുന്നതിനിടെ നിയമമന്ത്രി വ്യക്തമാക്കി. അന്വേഷണം നടത്തുന്ന ഏജൻസി തന്നെ എങ്ങനെ ശിക്ഷ വിധിക്കും. ബില്ലിലെ വ്യവസ്ഥകളിൽ നിയമസഭയ്ക്ക് മാറ്റം വരുത്താനാകും. ഭേദഗതി ലോക്‌പാൽ നിയമവുമായി യോജിക്കുന്നതാണെന്നും രാജീവ് പറഞ്ഞു.
ബില്ലിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തുവന്നു. ഭേദഗതി സുപ്രീം കോടതി ഉത്തരവുകൾക്ക് വിരുദ്ധമാണ്. ഭരണഘടനയുടെ പതിനാലാം അനുച്ഛേദത്തിന്റെ ലംഘനമാണ്. ഭേദഗതി വ്യവസ്ഥ ജുഡീഷ്യറിയ്ക്ക് മേലുള്ള കടന്നുകയറ്റമാണെന്നും സതീശൻ വിമർശിച്ചു. ജൂഡീഷ്യൽ തീരുമാനം എക്സിക്യൂട്ടീവിന് എങ്ങനെ തള്ളാൻ കഴിയുമെന്ന് ചോദിച്ച വി ഡി സതീശൻ, നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പറയാൻ നിയമമന്ത്രിയ്ക്ക് അധികാരമില്ലെന്നും തുറന്നടിച്ചു.