
ന്യൂഡൽഹി: സ്വകാര്യമേഖലയിലെ പ്രമുഖ ദേശീയ മാദ്ധ്യമസ്ഥാപനമായ ന്യൂഡൽഹി ടെലിവിഷൻ ലിമിറ്റഡിന്റെ (എൻ.ഡി.ടിവി) ഉടമസ്ഥാവകാശം സ്വന്തമാക്കാൻ ശതകോടീശ്വരൻ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പ് ഒരുങ്ങുന്നു.
എൻ.ഡി.ടിവിയുടെ പ്രൊമോട്ടർമാരിലൊന്നായ ആർ.ആർ.പി.ആർ ഹോൾഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ 99.5 ശതമാനം ഓഹരികൾ വാങ്ങാൻ വിശ്വപ്രധാൻ കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ് (വി.സി.പി.എൽ) എന്ന കമ്പനി ധാരണയിലെത്തിയിരുന്നു. അദാനി ഗ്രൂപ്പിലെ അദാനി എന്റർപ്രൈസസ് ലിമിറ്റഡിന് (എ.ഇ.എൽ) കീഴിലുള്ള എ.എം.ജി മീഡിയ നെറ്റ്‌വർക്ക് ലിമിറ്റഡിന്റെ (എ.എം.എൻ.എൽ) ഉപകമ്പനിയാണ് വി.സി.പി.എൽ.
മുതിർന്ന മാദ്ധ്യമപ്രവർത്തകനായ പ്രണോയ് റോയ്, രാധിക റോയ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ആർ.ആർ.പി.ആറിന്റെ ഓഹരികൾ ലഭിക്കുന്നതോടെ എൻ.ഡി.ടിവിയുടെ 29.18 ശതമാനം ഓഹരികളാണ് അദാനിക്ക് പരോക്ഷമായി (ഇൻഡയറക്‌ട്) സ്വന്തമാകുക.
ഇത്തരത്തിൽ ഓഹരി വാങ്ങുമ്പോൾ സെബിയുടെ 2011ലെ സബ്‌സ്‌റ്റാൻഷ്യൽ അക്വിസിഷൻ ഒഫ് ഷെയേഴ്‌സ് ആൻഡ് ടേക്ക് ഓവേഴ്‌സ് - റെഗുലേഷൻസ് ചട്ടപ്രകാരം ഓപ്പൺ ഓഫറായി 26 ശതമാനം ഓഹരികൾ കൂടി വാങ്ങണം. ഇതനുസരിച്ച് ഓഹരിയൊന്നിന് 294 രൂപനിരക്കിൽ 26 ശതമാനം ഓഹരികൾക്കായി ഓപ്പൺ ഓഫർ മുന്നോട്ടുവച്ചുവെന്ന് അദാനി എന്റർപ്രൈസസ് വ്യക്തമാക്കി. മൊത്തം 493 കോടി രൂപയുടേതാണ് ഓഫർ.
എൻ.ഡി.ടിവി 24x7, എൻ.ഡി.ടിവി ഇന്ത്യ, എൻ.ഡി.ടിവി പ്രോഫിറ്റ് എന്നീ ചാനലുകളുള്ള എൻ.ഡി.ടിവി ഗ്രൂപ്പിന് ഓൺലൈൻ മാദ്ധ്യമരംഗത്തും മികച്ച സ്വീകാര്യതയുണ്ട്. കഴിഞ്ഞ സാമ്പത്തികവർഷം എൻ.ഡി.ടിവി 421 കോടി രൂപ വരുമാനവും 85 കോടി രൂപ ലാഭവും നേടിയിരുന്നു.