kk

തിരുവനന്തപുരം : ഷാർജ ഭരണാധികാരിയുമായി ക്ലിഫ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ച ഔദ്യോഗിക സ്വഭാവമുള്ളതാണെന്ന് വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 2017 സെപ്തംബർ 24ന് രാവിലെ 10.30ന് ക്ലിഫ് ഹൗസിൽ വച്ചാണ് ഷാർജ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തിയത്.

കൂടിക്കാഴ്ച ഔദ്യോഗിക സ്വഭാവമുള്ളതാണെന്നും കേന്ദ്രത്തിന്റെ അനുമതി ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദേശകാര്യ മന്ത്രാലയ പ്രതിനിധിയും ഒപ്പമുണ്ടായിരുന്നുവെന്ന് നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ മുഖ്യമന്ത്രി വിശദമാക്കുന്നു. മാത്യു കുഴൽനാടൻ, സനീഷ് കുമാർ ജോസഫ് എന്നിവരുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. യു.എ.ഇ കോൺസിൽ ജനറലുമായും ക്ലിഫ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുൻകൂട്ടി നിശ്ചയിച്ച റൂട്ടിലായിരുന്നു യാത്രയെന്നും മുഖ്യമന്ത്രി അറിയിച്ചു.

കേരള സന്ദർശനത്തിനെത്തിയ ഷാർജ ഭരണാധികാരി ക്ലിഫ് ഹൗസിലെത്തിയത് നേരത്തെ തീരുമാനിച്ചതനുസരിച്ചല്ലെന്ന് സന്ദർശന രേഖ നേരത്തെ പുറത്ത് വന്നിരുന്നു. ഭരണാധികാരിയുടെ ഷെഡ്യൂളിൽ ക്ലിഫ് ഹൗസ് ഉണ്ടായിരുന്നില്ലെന്നാണ് സന്ദർശന രേഖ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് റൂട്ട് മാറ്റിയതെന്നാണ് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ആരോപിച്ചിരുന്നത്.