
ഫറോക്ക്: പെയിന്റ് നിർമാണത്തിനുപയോഗിക്കുന്ന അസംസ്‌കൃതവസ്തുക്കൾ സൂക്ഷിച്ച ഗോഡൗണിൽ വൻതീപിടിത്തം. ചെറുവണ്ണൂർ ടി.പി റോഡിൽ കാലിക്കറ്റ് ടൈൽസിന് സമീപത്തെ ഇരു നിലകെട്ടിടത്തിൽ ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. പെരിന്തൽമണ്ണ സ്വദേശി ശിഹാബുദ്ദീന്റെ ഉടമസ്ഥതയിലുളള സി.ടി. ഏജൻസീസിലാണ് തീപിടിത്തം. കാരണം വ്യക്തമല്ല. പെയിന്റ് നിർമാണത്തിനുളള തിന്നർ ടാങ്കർ ലോറികളിലെത്തിച്ച് ചെറിയ ബാരലുകളിലാക്കി സൂക്ഷിക്കുന്ന സ്ഥലമാണിത്. ടാങ്കർ ലോറിയിൽ നിന്ന് ബാരലിലേക്ക് തിന്നർ മാറ്റുന്നതിനിടെയാണ് അപകടം.
സമീപത്തെ അപ്പർ സ്റ്റിച്ചിംഗ് യൂണിറ്റ് പൂർണമായും കത്തിനശിച്ചു. അസംസ്‌കൃത വസ്തുക്കളുമായെത്തിയ ടാങ്കർ ലോറിയിലേക്ക് തീപടർന്നെങ്കിലും നാട്ടുകാരുടെ സമയോചിത ഇടപടൽ കൂടുതൽ അപകടം ഒഴിവാക്കി. കൈക്കും കാലിനും പൊളളലേറ്റ ഗോഡൗൺ ജീവനക്കാരനായ പുളിക്കൽ സിയാകണ്ടം സ്വദേശി സുഹൈലിനെ(19) ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തിലധികം ജീവനക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചെങ്കിലും ഒരു സ്‌കൂട്ടറും,ബുളളറ്റും പൂർണമായും കത്തിനശിച്ചു. രാത്രി വൈകിയും തീയണക്കാനുളള ശ്രമം തുടർന്നു. കോഴിക്കോട്,മലപ്പുറം ജില്ലകളിലെ ഫയർ സ്റ്റേഷനുകളിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുമുള്ള നാൽപ്പതിലധികം യൂണിറ്റുകളാണ് തീയണയ്ക്കാനായി പരിശ്രമിച്ചത്. അഗ്നിബാധയിൽ കെട്ടിടം പൂർണമായും തകർന്നു. രാഗേഷ് എന്നയാളുടെ ഉടസ്ഥതയിലുളള സമീപത്തെ പെർഫെക്ട് ഫുട്ട്‌വെയറിലെ റക്‌സിൻ,കമ്പ്യൂട്ടർ,മെഷിനറികൾ എന്നിവയും സമീപത്തെ ഇരുനില വീട്ടിലെ വാട്ടർടാങ്കും കത്തിനശിച്ചു.
ജില്ലാ പൊലീസ് മേധാവി അക്ബർ,സ്പെഷ്യൽ ബ്രാഞ്ച് എ.സി.പി ഉമേഷ്,ട്രാഫിക് എ.സി.പിമാരായ കുഞ്ഞിമൊയ്തീൻകുട്ടി,ജോൺസൺ,ട്രാഫിക് ഡി.സി.പി ഡോ.ശ്രീനിവാസ്,ഫറോക്ക് എ.സി.പി എം.എ സിദ്ധീഖ് തുടങ്ങി ജില്ലയിലെ എല്ലാ പൊലീസ് മേധാവികളും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. ജില്ലാ ഫയർ ഓഫീസർ അഷ്‌റഫലി,റീജിയണൽ ഫയർ ഓഫീസർ റജീഷ്,സ്‌റ്റേഷൻ ഓഫീസർ റോബി വർഗീസ് എന്നിവരാണ് തീയണയ്ക്കാൻ നേതൃത്വം നൽകിയത്.