
പഴയങ്ങാടി: കഴിഞ്ഞ ആഗസ്റ്റ് 24നായിരുന്നു ശരീരം നുറുങ്ങുന്ന വേദനയുമായി വീൽച്ചെയറിലിരുന്ന് പതിനഞ്ചുകാരിയായ അഫ്ര സമാനമായ അസുഖം ബാധിച്ച ഒന്നരവയസുകാരനായ തന്റെ കുഞ്ഞനുജന്റെ ചികിത്സയ്ക്കായി സോഷ്യൽ മീഡിയയിലൂടെ നാടിന്റെ കാരുണ്യം തേടിയത്.ഞാൻ അനുഭവിച്ച വേദന എന്റെ അനിയനുണ്ടാവരുതെന്നായിരുന്നു അഫ്ര പറഞ്ഞത്.
ഒരു വർഷം പിന്നിടുമ്പോൾ അഫ്ര ഇന്ന് ഭൂമിയിലില്ല. പക്ഷെ അഫ്രയുടെ സങ്കടത്തിന് മനസു കൊടുത്ത നാട് നൽകിയ നാൽപത്തിയെട്ട് കോടിയിൽ നിന്ന് നീക്കിയ പതിനെട്ടു കോടി ഉപയോഗിച്ച് ഇറക്കുമതി ചെയ്ത മരുന്ന് രണ്ടരവയസുകാരനായ മുഹമ്മദിന്റെ ശരീരത്തിൽ ഫലം കണ്ടുതുടങ്ങി.
സ്പൈനൽ മാസ്കുലർ അട്രോഫി എന്ന എസ്.എം.എയായിരുന്നു അഫ്രയുടെയും മുഹമ്മദിന്റെ ജീവിതത്തിൽ വില്ലനായത്. കേരളം കണ്ട ഏറ്റവും വലിയ ചികിത്സാസഹായനിധി പ്രയോജനപ്പെട്ടുതുടങ്ങിയെന്ന വാർത്തയാണ് മുഹമ്മദിന്റെ പിതാവ് പി.കെ.റഫീഖും ഉമ്മ പി.സി മറിയവും പങ്കുവെക്കുന്നത്. ഉമ്മയുടെ കൈപിടിച്ച് നടക്കാനും സൈക്കിളിൽ ഇരിക്കാനും കാല് നിലത്ത് കുത്തി സൈക്കിൾ നീക്കാനും ഇന്ന് മുഹമ്മദിന് കഴിയുന്നുണ്ട്.
സി.എച്ച് സെന്ററിന്റെ നേതൃത്വത്തിൽ ഇപ്പോൾ വീട്ടിൽ തന്നെയാണ് മുഹമ്മദിന് ഫിസിയോതെറാപ്പി ചെയ്യുന്നത്. . മുഹമ്മദിന്റെ ചികിത്സ ഫലപ്രാപ്തിയിൽ എത്താൻ നിറഞ്ഞ പ്രാർത്ഥനയിലാണ് ഈ കുടുംബവും ചികിത്സ സഹായ കമ്മിറ്റിയും.അഫ്രയുടെ വേർപ്പാട് ഈ കുടുംബത്തെ തളർത്തുന്നുണ്ടങ്കിലും മുഹമ്മദ് ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം. അൻസില എന്ന സഹോദരിയും മുഹമ്മദിനുണ്ട്.
ജീൻ ചികിത്സയ്ക്കായി അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത 18 കോടി വില വരുന്ന സോൾജൻസ്മ എന്ന മരുന്നാണ് മുഹമ്മദിന് നൽകിയിത്. നെതർലൻഡിൽ പ്രത്യേക രക്തപരിശോധന നടത്തിയ ശേഷമാണ് ഈ മരുന്ന് തയ്യാറാക്കിയത്. രണ്ടുവയസിനകം നൽകേണ്ടുന്നതാണ് ഈ മരുന്ന്. മുഹമ്മദിന്റെ മൂത്ത സഹോദരിയായ അഫ്ര എസ്.എം.എ മൂലം ഈ മാസം ഒന്നിനാണ് ലോകത്തോട് വിട പറഞ്ഞത്.