ray

ലണ്ടൻ: സത്യജിത് റേയുടെ ജന്മശതാബ്ദി രണ്ടു മാസം നീണ്ടു നിൽക്കുന്ന പരിപാടികളോടെ ലണ്ടനിൽ ആഘോഷിച്ചു വരികയാണ് ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്. റേയുടെ ഡോക്യുമെന്ററി ഉൾപ്പടെ എല്ലാ ചിത്രങ്ങളും നാഷണൽ ഫിലിം തീയേറ്ററിൽ പ്രദർശിപ്പിക്കുന്നുണ്ട്. ശബാന ആസ്മി അഭിനയിച്ച, റേയുടെ ആദ്യത്തെയും അവസാനത്തെയും ഹിന്ദി ചിത്രമായ 'ദ ചെസ്സ് പ്ലെയേഴ്സ് ' ഇവിടെ പ്രദർശിപ്പിക്കുന്നുണ്ട്. ഇതിന് ആമുഖമായി നടി തന്റെ പഴയ അഭിലാഷം തുറന്നു പറഞ്ഞിരിക്കുകയാണ്.

'ദ ചെസ്സ് പ്ലെയേഴ്സ് ' എന്ന സിനിമയിൽ അഭിനയിക്കാൻ റേ ഫോണിലൂടെ ആണ് ക്ഷണിച്ചത്. പിന്നീട് റേ അതിനെക്കുറിച്ചു ഒന്നും പറഞ്ഞില്ല. ഷൂട്ടിംഗ് ദിവസം ഞാൻ ജീൻസും ഷർട്ടുമിട്ടു സ്ഥലത്തെത്തി. അപ്പോഴും ഒന്നും പറയുന്നില്ല. വസ്ത്രമൊക്കെ ഇട്ടു വരാൻ പറഞ്ഞു.പിന്നീട് കഥാപാത്രത്തെക്കുറിച്ചു പറഞ്ഞു തന്നു. അപ്പോഴും നിർദ്ദേശങ്ങൾ വളരെ കുറച്ചു മാത്രം. എന്നാൽ ചില നടന്മാരോട് കൂടുതൽ കാര്യങ്ങൾ പറയും. അതായിരുന്നു മണിക് ദാ'.

ചിത്രം പൂർത്തിയായപ്പോൾ ഇനിയും താങ്കളുടെ പടങ്ങളിൽ അഭിനയിക്കണമെന്ന് ശബാന ആസ്മി റേയോടു പറഞ്ഞു നോക്കി. ഇനി ഹിന്ദി ചിത്രമെടുക്കുമ്പോൾ വിളിക്കാം എന്നായിരുന്നു മറുപടി. അത് ശരിയല്ലെന്ന് പറഞ്ഞു നോക്കിയെങ്കിലും, ബംഗാളി ഭാഷയിൽ അഭിനയിക്കുന്നതിന് സ്വാഭാവികത ഉണ്ടാവില്ല എന്നായിരുന്നു ആ ചലച്ചിത്രാചാര്യന്റെ മറുപടി. പിന്നീട് റേ ഹിന്ദി ചിത്രമെടുത്തതുമില്ല, ശബാന ആസ്മിയുടെ ആഗ്രഹം സഫലമായതുമില്ല. ശബാന ആസ്മി തന്റെ നിരാശ, റെക്കോഡ് ചെയ്ത വീഡിയോയിലൂടെ ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ കാണികളോട് പങ്കുവച്ചു.