
പാട്‌ന: മുൻ ബീഹാർ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവും കുടുംബാംഗങ്ങളും ഉൾപ്പെട്ട റെയിൽവേ ജോലിയ്ക്ക് ഭൂമി ഇടപാട് (ഐ ആർ ടി സി അഴിമതി ) കേസുമായി ബന്ധപ്പെട്ട് ആർജെഡി നേതാക്കളുടെ വീട്ടിൽ സിബിഐ റെയ‌്ഡ്. ആർജെഡി പിന്തുണയ്ക്കുന്ന നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാഗത്ബന്ധൻ സർക്കാർ ബിഹാർ നിയമസഭയിൽ ഇന്ന് വിശ്വാസവോട്ടെടുപ്പ് നേരിടാനിരിക്കെയാണ് പാട്നയിലും മധുബനിയിലുമായി റെയ്‌ഡ് നടന്നത്.
ആർജെഡി ട്രഷററും മുനിസിപ്പൽ ലെജിസ്‌ലേറ്റീവ് കൗൺസിൽ (എം എൽ സി) അംഗവുമായ സുനിൽ സിംഗ്, രാജ്യസഭാ എംപിമാരായ ഫയാസ് അഹ്മദ്, അഷ്ഫഖ് കരീം മുൻ ആർജെഡി എം എൽ സി അംഗം സുബോദ് റായ് എന്നിവരുടെ വസതികളിലാണ് റെയ്‌ഡ് നടന്നത്. യുപിഎ സർക്കാരിന്റെ കാലത്ത് റെയിൽവേ മന്ത്രിയായിരിക്കേ ഇന്ത്യൻ റെയിൽവേയിൽ ജോലി വാഗ്ദ്ധാനം ചെയ്ത് കൈക്കൂലിയായി ആളുകളിൽ നിന്ന് ഭൂമി കൈവശമാക്കിയെന്നുള്ളതാണ് ലാലു പ്രസാദ് യാദവിനും കുടുംബത്തിനുമെതിരെ ആരോപിക്കപ്പെട്ടിരിക്കുന്ന കേസ്.
ഇടപാട് പ്രകാരം 12 പേരെ റെയിൽവേയിൽ ഗ്രൂപ്പ് ഡി തസ്തികകളിൽ നിയമിച്ചുവെന്നും പകരമായി ഏഴ് പ്ളോട്ടുകൾ സ്വന്തമാക്കിയെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സി.ബി.ഐയുടെ കണക്കനുസരിച്ച്, ലാലു യാദവിന്റെ കുടുംബം 26 ലക്ഷം രൂപയ്ക്ക് ഒരു ലക്ഷം ചതുരശ്രയടി ഭൂമിയാണ് ഈ രീതിയിൽ സ്വന്തമാക്കിയത്. എന്നാൽ അന്നത്തെ നിരക്കനുസരിച്ച് ഭൂമിയുടെ സഞ്ചിത മൂല്യം 4.39 കോടി രൂപയിൽ കൂടുതലാണ്.
ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്രി ദേവി, മക്കളായ മിഷ ഭാരതി, ഹേമ യാദവ് എന്നിവരുൾപ്പടെ പതിനാറ് പേരെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്. കഴിഞ്ഞ വർഷം സെപ്തംബറിൽ കേസുമായി ബന്ധപ്പെട്ട് സിബിഐ പ്രാഥമികാന്വേഷണം നടത്തിയിരുന്നു. 2018ൽ സിബിഐ ലാലു പ്രസാദിനും ഭാര്യയ്ക്കും മകൻ തേജസ്വി യാദവിനുമെതിരെ കുറ്റപത്രം ചുമത്തിയിരുന്നു.