
ന്യൂഡൽഹി: ഇന്ത്യൻ ദേശീയപാതകളിലെ ടോൾ പ്ളാസകൾ നിർത്തലാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. പകരമായി വാഹനങ്ങളുടെ നമ്പർ പ്ളേറ്റ് വായിച്ച് ഉടമയുടെ ലിങ്ക് ചെയ്തിരിക്കുന്ന അക്കൗണ്ടിൽ നിന്ന് സ്വമേധയാ ടോൾ സ്വീകരിക്കുന്ന ഓട്ടോമാറ്റിക് നമ്പർ പ്ളേറ്റ് റീഡർ ക്യാമറകൾ സ്ഥാപിക്കാനാണ് തീരുമാനം. കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരിയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ സംവിധാനം നടപ്പിലാക്കുന്നതിനുള്ള നടപടിക്രമങ്ങളും നിയമ ഭേദഗതികളും ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
എന്നാൽ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഒരു പ്രശ്നമുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി. ടോൾ പ്ളാസ വെട്ടിച്ച് കടന്നുകളയുന്ന വാഹനങ്ങൾക്ക് പിഴ ചുമത്താനുള്ള വകുപ്പ് നിലവിലില്ല. ഇതിനായി ഒരു ബില്ല് അവതരിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അടുത്ത പാർലമെന്റ് സമ്മേളനത്തിൽ ഇത് അവതരിപ്പിക്കാനാണ് തീരുമാനം.
ടോൾ പിരിവുമായി ബന്ധപ്പെട്ട ദൂരപരിധി പ്രശ്നങ്ങൾ പരിഹരിക്കാൻ പുതിയ സംവിധാനത്തിലൂടെ സാധിക്കും. മാത്രമല്ല പുതിയ ഭേദഗതി വരുന്നതോടെ ഫാസ്ടാഗും ഇല്ലാതാകും. നിലവിൽ 97 ശതമാനം ടോൾ പിരിവും ഫാസ്ടാഗിലൂടെയാണ് നടപ്പിലാക്കുന്നത്. അടുത്ത ഒരു വർഷത്തിനുള്ളിൽ ഇതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കാനാണ് തീരുമാനം.