
കണ്ണൂർ: ഖാദി ബോർഡ് ചെയർമാൻ പി ജയരാജന്റെ പേരിൽ വ്യാജ സന്ദേശമയച്ച് പണം തട്ടാൻ ശ്രമം. ജയരാജന്റെ ഫോട്ടോ വച്ചുണ്ടാക്കിയ വാട്സാപ്പ് അക്കൗണ്ട് വഴി പണം ആവശ്യപ്പെട്ട് നിരവധി പേർക്ക് സന്ദേശം അയക്കുകയായിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ട പി ജയരാജൻ ടൗൺ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊയിലാണ്ടി സ്വദേശിയുടെ നമ്പർ ഉപയോഗിച്ചാണ് തട്ടിപ്പിന് ശ്രമം നടന്നതെന്നാണ് സൂചന.
നേരത്തെ ചീഫ് സെക്രട്ടറിയുടെ ചിത്രം വച്ച് നടത്തിയ തട്ടിപ്പിൽ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥന് മുപ്പതിനായിരം രൂപ നഷ്ടമായിരുന്നു. മുഖ്യമന്ത്രിയുടെ പേരിൽ വ്യാജ വാട്സാപ്പ് അക്കൗണ്ട് ഉണ്ടാക്കി ഉന്നത പൊലീസ് ഉദ്യോഗസ്ഥനിൽ നിന്ന് പണം തട്ടാനുള്ള ശ്രമവും നടന്നിരുന്നു.