
അടുത്തിടെ സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന താരജോഡികളാണ് ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും. പ്രണയത്തിലാണെന്ന് സൂചിപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം ഇരുവരും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ വളരെ റൊമാന്റിക്കായ ഒരു ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് താരങ്ങൾ. എന്റെ മഴ എന്ന അടിക്കുറിപ്പോടുകൂടിയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
കേരളസാരിയിൽ പൂക്കൾ ചൂടി അതീവ സുന്ദരിയായാണ് അമൃതയെ ചിത്രത്തിൽ കാണുന്നത്. പച്ച ഷർട്ടിൽ ഗോപി സുന്ദറും. അമൃതയെ ഗോപി ചുംബിക്കാനൊരുങ്ങുന്ന രീതിയിലാണ് ഇരുവരും ചിത്രത്തിനായി പോസ് ചെയ്തിരിക്കുന്നത്. ചിത്രത്തിൽ ആരാധകരുടെ കമന്റുകൾ നിറയുകയാണ്. ഹാർട്ട് ഇമോജികളാണ് ഏറെ പേരും നൽകിയിരിക്കുന്നത്. മേഡ് ഫോർ ഈച്ച് അദർ എന്നും കമന്റുകളുണ്ട്.
തങ്ങൾ രണ്ടുപേരുടെയും ഒന്നുചേരൽ രണ്ടുപേരുടെയും സംഗീത ജീവിതത്തിനും വലിയ പിന്തുണയായിരിക്കുമെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ അമൃത പറഞ്ഞിരുന്നു. രണ്ട് പേരും ഒന്നിച്ചുള്ള സംഗീത ആൽബം അടുത്തിടെ പുറത്തിറങ്ങിയിരുന്നു.