
ചണ്ഡീഗഡ്: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി എന്ന നേട്ടം കുറിച്ച ഫരീദാബാദിലെ അമൃത ആശുപത്രിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. ഇന്ന് രാവിലെ പതിനൊന്ന് മണിക്കായിരുന്നു ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്. പൂർണതോതിൽ പ്രവർത്തന സജ്ജമാകുമ്പോൾ അത്യാധുനിക മെഡിക്കൽ സൗകര്യങ്ങളുള്ള 2,600 കിടക്കകളും 81 സ്പെഷ്യാലിറ്റികളുമുള്ള ഈ ആശുപത്രി ലോകനിലവാരമുള്ള ചികിത്സയാവും പ്രദാനം ചെയ്യുക. അതോടെ വിദേശത്ത് ലഭിക്കുന്ന വിദഗ്ദ്ധ ചികിത്സ കുറഞ്ഞ നിരക്കിൽ നാട്ടുകാർക്ക് ലഭിക്കും.

എല്ലാരോഗങ്ങൾക്കും അതിനൂതനവും അത്യാധുനികവുമായ സൗകര്യങ്ങളുടെ സഹായത്തോടെ ഏറ്റവും വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കും. ആശ്രയിക്കുന്ന എല്ലാവർക്കും അതിവേഗ രോഗമുക്തി എന്ന അമ്മയുടെ സങ്കൽപ്പത്തിന്റെ സാക്ഷാത്ക്കാരമാണ് രാജ്യതലസ്ഥാനത്തിന് സമീപം ഉയർന്ന ഈ പടുകൂറ്റൻ ആതുര ശുശ്രൂഷാ കേന്ദ്രം. ഓരോ വിഭാഗത്തിനും പ്രത്യേക ശിശുരോഗ യൂണിറ്റുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ശിശുരോഗ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി കൂടിയാണിത്. 130 ഏക്കറിൽ ഒരു കോടി ചതുരശ്രയടി വിസ്തീർണത്തിലാണ് ഫരീദാബാദ് അമൃത ഹോസ്പിറ്റൽ. പതിനൊന്ന് ഏക്കർ വീതം വിസ്തീർണമുള്ള 14 ടവറുകളായാണ് ആശുപത്രി സമുച്ചയം.

ആദ്യഘട്ടത്തിൽ 500 കിടക്കകളുണ്ടാകും. അഞ്ച് വർഷത്തിനുള്ളിൽ പൂർണതോതിൽ സജ്ജമാകുന്നതോടെ 800ഓളം ഡോക്ടർമാരും പതിനായിരത്തിലധികം ജീവനക്കാരുമുണ്ടാകും. ലോകോത്തര ചികിത്സാ സൗകര്യത്തിന് പുറമേ പ്രദേശവാസികൾക്ക് വലിയ തൊഴിൽസാദ്ധ്യത കൂടിയാണ് ഫരീദാബാദ് അമൃത ഹോസ്പിറ്റൽ തുറന്നിടുന്നത്. 534 ക്രിട്ടിക്കൽ കെയർ കിടക്കകൾ, 64 മോഡുലാർ ഓപ്പറേഷൻ തിയേറ്ററുകൾ, റോബോട്ടിക് ലബോറട്ടറി, ഒൻപത് കാത്ത് ലാബുകൾ, സ്മാർട്ട് ക്ലിനിക്കൽ ലാബ്, 10 റേഡിയേഷൻ ഓങ്കോളജി ബങ്കറുകൾ ഇങ്ങനെ അതിവിപുലമായ സൗകര്യങ്ങളാണ് ഒരുങ്ങുന്നത്. 70000 സ്ക്വയർ ഫീറ്റിൽ സമ്പൂർണമായി യന്ത്രവത്കരിച്ച സെൻട്രൽ ലബോറട്ടറി സൗകര്യമാണുള്ളത്. ഒരു മണിക്കൂറിൽ പതിനായിരം സാമ്പിളുകളെടുത്ത്, ഒരു സാമ്പിളിൽ നിന്ന് 250ൽ പരം ടെസ്റ്റുകളും നടത്താനാവുന്ന അപൂർവം ആശുപത്രികളിൽ ഒന്നായി ഈ അമൃത ആശുപത്രി മാറും. അവയവ മാറ്റത്തിലും സമഗ്രമായ ഒരു കുതിപ്പ് ലക്ഷ്യമിടുന്നുണ്ട്. ഇതിനെല്ലാമപ്പുറം ചികിത്സാ രംഗത്തെ നൂതന ഗവേഷണങ്ങളുടെ കേന്ദ്രം കൂടിയാകും ഈ ആശുപത്രി. അതിനായി ഏഴ് നിലകളുള്ള ഗവേഷണ ബ്ലോക്കാണ് നിർമ്മിച്ചിട്ടുള്ളത്.