
കുഞ്ഞിന്റെ വളർച്ച എല്ലാ അമ്മമാരുടെയും സംശയകാലം കൂടിയാണ്. മൂന്നുമാസം പ്രായമാകുന്നതോടെ കുഞ്ഞിന്റെ കണ്ണിന് സാമാന്യം നല്ല കാഴ്‌ച ശക്തി ലഭിക്കും. ആറ് മാസത്തോടെ തന്റെ മുന്നിലെ വസ്‌തുക്കളെ കണ്ടെത്തി കൈയിലെടുത്ത് കളിക്കാനാവും.
കൈയിലുള്ള സാധനം വാങ്ങി നിലത്ത് വയ്‌ക്കണമെങ്കിലും കൃത്യമായി അത് തിരിച്ചു കൈയിലെടുക്കണമെങ്കിലും കൃത്യമായ കാഴ്‌ചശക്തി ഉണ്ടായിരിക്കണം. കൈയിലുള്ള വസ്തുവിലേക്ക് നോക്കാതിരിക്കുക, അടുത്തിരിക്കുന്ന കളിപ്പാട്ടം എടുക്കാതിരിക്കുക, നിറമുള്ള വസ്തുക്കൾ മാറ്റി മാറ്റിപ്പിടിക്കുമ്പോൾ അതിലേക്ക് മാറി മാറി നോക്കാതിരിക്കുക, ചെറിയ വസ്തുക്കൾ ശ്രദ്ധിക്കാതിരിക്കുക എന്നിവ കണ്ടാൽ നേത്രരോഗ വിദഗ്ദ്ധന്റെ വിശദമായ പരിശോധന ആവശ്യമായി വരും. മാസം തികയാതെ ജനിച്ച കുഞ്ഞുങ്ങൾക്ക് ശരിയായ രീതിയിൽ കേൾവിയില്ലേ എന്നു സംശയമുണ്ടെങ്കിൽ ഒരു ഡോക്ടറെ കണ്ട് പരിശോധിപ്പിച്ച് ചികിത്സ തേടണം.