
മൂന്നാം ഏകദിനത്തിൽ സിംബാബ്‌വെയെ 13 റൺസിന് പരാജയപ്പെടുത്തി 3 - 0ന് പരമ്പര തൂത്തുവാരിയ ഇന്ത്യൻ ക്രിക്കറ്റ് ടീം വിജയം ആഘോഷിച്ചത് കാലാ ചഷ്മയ്ക്ക് ചുവടുവച്ച്. ശിഖർ ധവാനും സംഘവും ക്യുക്ക് സ്റ്റൈൽ എന്ന ഡാൻസ് ട്രൂപ്പിന്റെ വൈറൽ വീഡിയോയായ കാലാ ചഷ്മ റിക്രിയേറ്റ് ചെയ്ത വീഡിയോ തരംഗമാവുകയാണ്.
ബാർ ബാർ ദേക്കോ എന്ന ചിത്രത്തിൽ സിദാർത്ഥ് മൽഹോത്രയും കത്രീന കൈഫും ചുവടുവച്ച ഗാനം പിന്നീട് ഇന്ത്യൻ ആഘോഷങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരുന്നു. 2016ൽ ഇറങ്ങിയ ചിത്രത്തിന്റെ പാട്ട് ഇന്നും റീൽസുകളിലൂടെയും മറ്റും സജീവമാണ്. അടുത്തിടെ നോർവേയിലെ ഡാൻസ് ട്രൂപ്പായ ഖ്യുക്ക് സ്റ്റൈൽ ഇത് റിക്രിയേറ്റ് ചെയ്തത് ഏറെ ഹിറ്റായിരുന്നു. പാട്ടിന് ക്യുക്ക് സ്റ്റൈൽ നൽകിയ ചുവടുകളായിരുന്നു ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഇതേ ചുവടുകളാണ് ശിഖർ ധവാനും സംഘവും അനുകരിച്ചിരിക്കുന്നത്. ശിഖർ ധവാൻ തന്നെയാണ് സമൂഹമാദ്ധ്യമത്തിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇങ്ങനെയാണ് ഞങ്ങൾ വിജയം ആഘോഷിക്കുന്നത് എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. നല്ലൊരു അഭിനേതാവാണ് എന്ന് തെളിയിക്കുന്ന വീഡിയോകളും താരം പഹ്കുവയ്ക്കാറുണ്ട്.