
ന്യൂഡൽഹി: ആം ആദ്മി സർക്കാരിനെ തകർക്കാൻ എംഎല്‍എമാര്‍ക്ക് 20 കോടി വാഗ്ദ്ധാനം ചെയ്‌തെന്ന് മുതിർന്ന ആം ആദ്മി പാര്‍ട്ടി നേതാക്കള്‍. ഒന്നുകിൽ 20 കോടി വാങ്ങി ബിജെപിയിൽ ചേരുക അല്ലെങ്കിൽ സിബിഐ കേസിനെ നേരിടുക എന്ന് ഭീഷണിപ്പെടുത്തിയതായും ആം ആദ്മി ദേശീയ വക്താവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിംഗ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മനീഷ് സിസോദിയയെ മറ്റൊരു ഷിൻഡേയാക്കാനുള്ള ശ്രമമാണ് ബിജെപി നടത്തിയത്. എന്നാൽ അതിനെ ആം ആദ്മി പരാജയപ്പെടുത്തിയെന്നും നേതാക്കൾ വ്യക്തമാക്കി. ബിജെപി നേതാക്കളുമായി സൗഹൃദമുള്ള എംഎല്‍എമാരായ അജയ് ദത്ത്, സഞ്ജ് ഷാ, സോംനാഥ് ഭാരതി, കുല്‍ദീപ് കുമാര്‍ എന്നിവരെയാണ് നേതാക്കള്‍ ബന്ധപ്പെട്ടത്. ബിജെപിയില്‍ ചേര്‍ന്നാല്‍ 20 കോടിയും മറ്റ് എംഎല്‍എമാരെ അവരോടൊപ്പം കൂട്ടിയാല്‍ 25 കോടിയുമായിരുന്നു വാഗ്ദ്ധാനമെന്നും സഞ്ജയ് സിംഗ് പറഞ്ഞു.
സിസോദിയക്കെതിരേയുള്ള കേസ് വ്യാജമാണെന്ന് ബിജെപിക്ക് അറിയാം. പക്ഷേ ആം ആദ്മി സർക്കാരിനെ താഴെയിറക്കാൻ ബിജെപി നേതാക്കൾക്ക് പ്രത്യേകം ചുമതല നൽകിയിരിക്കുകയാണെന്നും സോംനാഥ് ഭാരതി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പണം വാഗ്ദ്ധാനം ചെയ്തുവെന്ന് പറയപ്പെടുന്ന ആം ആദ്മിയിലെ മറ്റ് എംഎൽഎമാരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. എന്നാല്‍ ആം ആദ്മി പാര്‍ട്ടിയുടെ ആരോപണം മനീഷ് സിസോദിയക്കെതിരേയള്ള കേസില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധമാറ്റാനാണെന്ന് ബിജെപി പ്രതികരിച്ചത്. ജനങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങളില്‍ നിന്ന് ആം ആദ്മി പാര്‍ട്ടി ഒളിച്ചോടുകയാണെന്നും ബിജെപി ആരോപിച്ചു.