കപ്പ ബിരിയാണി നമ്മൾ മിക്കവാറും പേരും കഴിച്ചിട്ടുണ്ടാവും. കപ്പയും ബീഫും ചേർത്തുണ്ടാക്കുന്ന വിഭവം വളരെ രുചികരവുമാണ്. എന്നാൽ കപ്പ മീൻ ബിരിയാണി കൂടുതൽ പേരും കഴിച്ചിട്ടുണ്ടാവില്ല. ഇത്തവണത്തെ സോൾട്ട് ആന്റ് പെപ്പറിൽ ഈ വെറൈറ്റി വിഭവമാണ് തയ്യാറാക്കുന്നത്. സിനിമാ താരം കോബ്ര രാജേഷാണ് പുതിയ വിഭവം പരിചയപ്പെടുത്തുന്നത്.

ആവശ്യമായ ചേരുവകൾ

ചൂര മീൻ കഷ്ണങ്ങളാക്കിയത് ( അയല, മത്തി തുടങ്ങിയ മീനുകളും ഉപയോഗിക്കാവുന്നതാണ്), സവാള അരിഞ്ഞത്, പച്ചമുളക് കീറിയത്, കരിവേപ്പില, കടുക്, പിരിയൻ മുളക്, ഇഞ്ചി, വെളുത്തുള്ളി ചതച്ചത്, ഉലുവ, വെളിച്ചെണ്ണ, പച്ചമല്ലി, കപ്പ

തയ്യാറാക്കുന്ന വിധം

ആവശ്യത്തിന് ഉപ്പ് ചേർത്ത് കപ്പ വേവിച്ചെടുക്കണം. ഇത് മാറ്റിവച്ചശേഷം പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കി സവാളയും പച്ചമുളകും വഴറ്റിയെടുക്കണം. ഇത് മാറ്റിവയ്ക്കുക. പാനിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചെടുക്കണം. ഇതിലേക്ക് പിരിയൻ മുളക്, ഉലുവ, പച്ചമല്ലി കറിവേപ്പില, ഇഞ്ചി,വെളുത്തുള്ളി ചതച്ചത് എന്നിവ ഇടണം. വഴറ്റിയ ചേരുവകളും മാറ്റിവയ്ക്കണം. അടുത്തതായി മീൻ മഞ്ഞൾപ്പൊടിയും ഉപ്പും കുറച്ച് വെള്ളവും ചേർത്ത് പുഴുങ്ങിയെടുക്കണം. ഇത് നന്നായി ഇളക്കിയെടുക്കണം. ഇതിലേക്ക് വഴറ്റി വച്ച എല്ലാ ചേരുവകളും ചേർത്ത് ഇളക്കിയതിന് ശേഷം പുഴുങ്ങിയ കപ്പ ചേർത്ത് നന്നായി യോജിപ്പിക്കണം. കുറച്ച് കുരുമുളക് പൊടി കൂടി ചേർത്താൻ സ്വാദേറിയ കപ്പ മീൻ ബിരിയാണി തയ്യാർ.

food