
തിരുവനന്തപുരം: ഇന്ത്യയുടെ 'വെതർ വുമൺ" ആയ പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞ അന്ന മാണിയുടെ 104ാം ജന്മദിനമായ ഇന്നലെ ഗൂഗിളിന്റെ ആദരമായി ഡൂഡിൽ. ഇന്ത്യൻ അന്തരീക്ഷ പഠനകേന്ദ്രത്തിന്റെ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന അന്ന മാണി 1918 ഓഗസ്റ്റ് 23ന് പീരുമേടിലാണ് ജനിച്ചത്. ഗാന്ധിയൻ ആശയങ്ങളുമായി ലളിത ജീവിതം നയിച്ചയാളാണ് അന്ന മാണി.
കാലാവസ്ഥാ പഠനത്തിലെ കണ്ടുപിടിത്തങ്ങളാണ് അന്നയെ 'വെതർ വുമൺ" എന്ന് ആദരവിന് ഇടയാക്കിയത്. ഡോക്ടർ മോഹം ഉപേക്ഷിച്ചാണ് മദ്രാസിലെ പ്രസിഡൻസി കോളജിൽ നിന്ന് ഭൗതികശാസ്ത്രത്തിലും രസതന്ത്രത്തിലും അന്ന ബിരുദം നേടിയത്. പിന്നീട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിൽ നോബൽ ജേതാവ് സി.വി. രാമന്റെ മേൽനോട്ടത്തിൽ ഗവേഷണം തുടങ്ങി. വജ്രത്തിന്റെയും മറ്റു അമൂല്യരത്നങ്ങളുടേയും പ്രകാശവികിരണമായിരുന്നു ഗവേഷണവിഷയം. ഇതിൽ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു.
1945ൽ പിഎച്ച്.ഡി തീസിസ് സമർപ്പിച്ചെങ്കിലും ഓണേഴ്സ് ബിരുദം ബിരുദാനന്തര ബിരുദമായി കണക്കാക്കാനാവില്ലെന്ന് പറഞ്ഞ് മദ്രാസ് സർവകലാശാല അന്നയ്ക്ക് ഡോക്ടറേറ്റ് നിരസിച്ചു. ആ തീസിസ് ബംഗളൂരുവിലെ രാമൻ ആർക്കൈവ്സിൽ സൂക്ഷിച്ചിട്ടുണ്ട്. ബ്രിട്ടനിലെ ഇംപീരിയൽ കോളജിൽ കാലാവസ്ഥാശാസ്ത്ര ഉപകരണങ്ങളെപ്പറ്റി പഠനം നടത്തിയ അന്ന 1948ൽ ഇന്ത്യയിൽ തിരിച്ചെത്തി പൂനെ കാലാവസ്ഥാപഠനകേന്ദ്രത്തിൽ ജോലിയിൽ പ്രവേശിച്ചു. 1976ൽ ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ചു. ശേഷം ബംഗളൂരുവിലെ രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ട്രസ്റ്റിയായി.
1987ൽ ഇന്ത്യൻ നാഷണൽ സയൻസ് അക്കാഡമിയുടെ കെ.ആർ. രാമനാഥൻ മെഡൽ നേടി. യുണൈറ്റഡ് നേഷൻസ് വേൾഡ് മെറ്റിരിയോളജിക്കൽ ഓർഗനൈസേഷന്റെ പ്രധാന പദവികൾ വഹിച്ചിരുന്നു. നൂറിലധികം കാലാവസ്ഥാ ഉപകരണങ്ങൾ രൂപകല്പന ചെയ്തു. സൗരോർജ്ജവും കാറ്റും ഉപയോഗിച്ച് ഊർജ്ജം ഉത്പാദിപ്പിക്കാനുള്ള ഉപകരണങ്ങൾ നിർമ്മിക്കുന്ന കമ്പനി സ്ഥാപിച്ചിരുന്നു. 2001 ഓഗസ്റ്റ് 16ന് തിരുവനന്തപുരത്തായിരുന്നു അന്ത്യം.