n-g-sreemon

തിരുവനന്തപുരം: അധികാരം ദുർവിനിയോഗം ചെയ്തതിന്റെ പേരിൽ പിരിച്ചുവിട്ട പൊലീസ് ഇൻസ്‌പെക്‌ടറെ സർവീസിൽ തിരിച്ചെടുത്തു.തൊടുപുഴ എസ് എച്ച് ഒയായിരുന്ന എൻ ജി ശ്രീമോനെയാണ് തിരിച്ചെടുത്ത് ക്രൈംബ്രാഞ്ചിൽ നിയമിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഭക്ഷ്യമന്ത്രിയുമായി വാക്കുതർക്കത്തിലേർപ്പെട്ട തിരുവനന്തപുരം വട്ടപ്പാറ ഇൻസ്‌‌പെക്‌ടർ ഗിരിലാലിനെ വിജിലൻസിലേക്ക് സ്ഥലംമാറ്റിയ ഉത്തരവിലാണ് ശ്രീമോനെ തിരിച്ചെടുത്ത വിവരം നൽകിയിരിക്കുന്നത്.

പതിനെട്ട് കേസുകളിൽ അധികാര ദുർവിനിയോഗം നടത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്നായിരുന്നു ശ്രീമോനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടത്. സിവിൽ തർക്കത്തിൽ അന്യായമായി ഇടപെട്ട് പീഡിപ്പിക്കുന്നുവെന്നാരോപിച്ച് തൊടുപുഴ ഉടുമ്പന്നൂർ സ്വദേശി ബേബിച്ചൻ നൽകിയ പരാതിയിലായിരുന്നു കോടതിയുടെ നടപടി. വിജിലൻസ് ഐ ജി എച്ച് വെങ്കിടേഷ് നൽകിയ അന്വേഷണ റിപ്പോർട്ട് പരിഗണിച്ചായിരുന്നു ഉത്തരവ്.

ശ്രീമോനെതിരെ മുപ്പതിലധികം പരാതികൾ ഉയർന്നിരുന്നു. പിന്നാലെ വിജിലൻസിന്റെ അന്വേഷണത്തിൽ 18 പരാതികളിൽ കഴമ്പുണ്ടെന്ന് ഐ ജി എച്ച് വെങ്കിടേഷ് കണ്ടെത്തി. ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നായിരുന്നു പിരിച്ചുവിടൽ. അഴിമതി, കൈക്കൂലി, കസ്റ്റഡി മരണം, ഭീഷണിപ്പെടുത്തൽ തുടങ്ങി നിരവധി കുറ്റങ്ങളാണ് ശ്രീമോനെതിരെ ചുമത്തിയത്. ഇത്തരം ഉദ്യോഗസ്ഥർ സമൂഹത്തിന് ഭീഷണിയാണെന്നായിരുന്നു ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് കോടതി പരാമർശിച്ചത്.

പിന്നാലെ ശ്രീമോൻ എഡിജിപി വിജയ് സാഖറെയ്ക്ക് അപ്പീൽ നൽകുകയും തിരിച്ചെടുക്കുകയുമായിരുന്നു. പിരിച്ചുവിടൽ റദ്ദാക്കി മൂന്ന് വർഷം ശമ്പളം തടഞ്ഞുവയ്ക്കലിലേക്ക് മാത്രമായി ശിക്ഷാനടപടി ചുരുക്കിയിരിക്കുകയാണ്.