photo

ഓണക്കാലത്ത് സാധാരണക്കാരുടെ കഴുത്തിന് കത്തിവയ്‌ക്കാൻ കരിഞ്ചന്തക്കാരും പൂഴ്ത്തിവയ്‌പ്പുകാരും കൂട്ടത്തോടെ ഇറങ്ങിയിട്ടുണ്ട്. ഓണക്കാലത്തെ ഈ വിലക്കയറ്റം വർഷംതോറും തുടരുന്ന കലാപരിപാടിയാണ്. കൊവിഡ് പ്രതിസന്ധി കാരണം ജീവിതം വഴിമുട്ടിയ പാവങ്ങളെ വീണ്ടും ശ്വാസംമുട്ടിക്കരുതെന്നാണ് പറയാനുള്ളത്. ഓണക്കാലത്തെ വിലക്കയറ്റത്തിന് മൂക്കുകയറിടുമെന്ന് പറയുന്ന ഭരണാധികാരികൾ ഇതൊന്നും കാണുന്നില്ലേ?​ എല്ലാ വർഷവും ഈ വിലക്കയറ്റം തുടർന്നിട്ടും ശാശ്വത പരിഹാരം കാണാൻ കഴിയാത്തത് എന്തുകൊണ്ടാണ്?​ അമിതവില കാരണം ചില സാധനങ്ങളും പച്ചക്കറികളും വാങ്ങാനാകാത്ത സ്ഥിതിയാണ്. അരിവില റോക്കറ്ര് വേഗത്തിലാണ്. സാധാരണ വിലക്കയറ്റമുണ്ടാകുമ്പോൾ അമിതവിലയുള്ള ചിലതരം സാധനങ്ങൾ ഒഴിവാക്കുകയാണ് സാധാരണക്കാർ ചെയ്യുന്നത്. എന്നാൽ ഓണക്കാലത്ത് ഇതിന് കഴിയില്ലെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്. ഈ സാഹചര്യമാണ് കരിഞ്ചന്തക്കാർ ചൂഷണം ചെയ്യുന്നത്. ഭരണാധികാരികൾ ഇവരെ കയറൂരി വിട്ടിരിക്കുകയുമാണ്. പൂഴ്ത്തിവയ്‌പ്പുകാരും അധികാരികളും തമ്മിലെ അവിശുദ്ധ കൂട്ടുകെട്ട് സാധാരണക്കാർ സംശയിക്കുന്നതിൽ തെറ്റില്ല.

ഒന്നുകിൽ ന്യായമായ വിലയിൽ എല്ലാ സാധനങ്ങളും സംസ്ഥാനത്ത് വിതരണം ചെയ്യാൻ സർക്കാർ വിപണി വ്യാപകമാക്കുക. ഇല്ലെങ്കിൽ കർശന പരിശോധനകളിലൂടെയും നടപടികളിലൂടെയും കരിഞ്ചന്തയും പൂഴ്ത്തിവയ്‌പ്പും തടയുക. ജനത്തെ വി‌‌ഡ്ഢികളാക്കുന്ന നയം ഇനിയെങ്കിലും ഉപേക്ഷിക്കണം.

മുരളീധരൻ കെ.പി

പത്തനാപുരം