
തിരുവനന്തപുരം: 'ആസാദ്കാശ്മിീർ' ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ തന്നെ രാജ്യദ്രോഹിയാക്കി തൂക്കിലേറ്റാനാണ് ശ്രമമെന്ന് മുൻമന്ത്രി കെ.ടി. ജലീൽ പറഞ്ഞു. വിവാദ പരാമർശം പിൻവലിച്ചിട്ടും തന്നെ വിടാൻ തത്പര കക്ഷികൾ തയ്യാറായില്ലെന്ന് ജലീൽ നിയമസഭയിൽ പറഞ്ഞു.
നെഹ്റു ഉൾപ്പെടെയുള്ളവർ ആസാദ് കാശ്മീർ എന്ന് ഇൻവെർട്ടഡ് കോമ ഇട്ട് ഉപയോഗിച്ചിട്ടുണ്ട്.വർത്താനകാലത്ത് എന്തു പറയുന്നു എന്നല്ല ആരു പറയുന്നു എന്നാണ് നോക്കുന്നതെന്നും ജലീൽ വ്യക്തമാക്കി. പലരുടെയും ജല്പനങ്ങൾ കേട്ട് എനിക്കെതിരെ കുരുക്ക് മുറുക്കാൻ നോക്കി നിരാശരായവരാണ് ഇപ്പോൾ രാജ്യദ്രോഹിയായി തൂക്കിലേറ്റാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ചിലർ എനിക്ക് പാകിസ്ഥാനിലേക്ക് ടിക്കറ്റുവരെ എടുത്തുവച്ചിട്ടുണ്ട്. ഈ സഭയിലെ ചില അംഗങ്ങളും അതിന് കൂട്ടുപടിക്കുന്നു എന്നത് വേദനാജനകമാണ്. എന്റെ കുറിപ്പിൽ ഒരിടത്തും ഇന്ത്യൻ അധിനിവേശം എന്ന പദം ഉപയോഗിച്ചിട്ടില്ല.രാഷ്ട്രീയവിമർശനങ്ങൾ എത്രയും ആകാം. രാജ്യദ്രോഹത്തിന്റെ തീക്കൊള്ളി എടുത്ത് മറ്റുള്ളവരുടെ തലയ്ക്ക് തീ കൊടുക്കാൻ ശ്രമിക്കരുതെന്നും ജലീൽ നിയമസഭയിൽ പറഞ്ഞു.