
തിരുവനന്തപുരം: സർവകലാശാല ചാൻസലർ ആയിരിക്കുന്നത് തനിക്ക് നാണക്കേടായി തോന്നുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബന്ധുനിയമനത്തിൽ ചാൻസലർ എന്ന നിലയിൽ ലജ്ജിക്കുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാൻ മാദ്ധ്യമങ്ങളോടു പ്രതികരിച്ചു.
ഏത് ബിൽ പാസാക്കിയാലും ബന്ധുനിയമനം അനുവദിക്കില്ല. നിയമസഭയ്ക്ക് നിയമം പാസാക്കാൻ അധികാരമുണ്ട്. ബില്ലിൽ ഒപ്പിടുമോ ഇല്ലയോ എന്ന ചോദ്യം പ്രസക്തമല്ല. നിയമസഭയിൽ അവതരിപ്പിച്ച സർവകലാശാലാ നിയമ ഭേദഗതി ബില്ല് തെറ്റില്ലെന്നും അത് അവതരിപ്പിക്കാനുള്ള അധികാരം നിയമസഭയ്ക്ക് ഉണ്ടെന്നും ഗവർണർ പറഞ്ഞു. എന്നാൽ സർവകലാശാലകളുടെ സ്വയംഭരണാവകാശത്തെ അട്ടിമറിക്കാൻ അനുവദിക്കില്ലെന്ന് ഗവർണർ വ്യക്തമാക്കി.
കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ സ്ഥാനത്തേക്കുള്ള പ്രിയാ വർഗീസിന്റെ റാങ്ക് പട്ടികയുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.