
തൃശ്ശൂർ : കുന്നംകുളം കീഴൂരിൽ വീട്ടമ്മ വിഷം ഉള്ളിൽ ചെന്ന് മരിച്ച സംഭവത്തിൽ മകളെ കസ്റ്റഡിയിലെടുത്തു. ചോഴിയാട്ടിൽ ചന്ദ്രന്റെ ഭാര്യ രുഗ്‌മിണിയാണ് (57) മരിച്ചത്. ചോഴിയാട്ടിൽ ചന്ദ്രന്റെ ഭാര്യ രുഗ്മിണി (57) ആണ് മരിച്ചത്. മകൾ ഇന്ദുലേഖയെ (40) പൊലീസ് കസ്റ്റഡിയിലെടുത്തു.
അസുഖം ബാധിച്ചെന്ന് പറഞ്ഞ് രുഗ്മിണിയെ ഇന്ദുലേഖ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ ആരോഗ്യനില വഷളായതിനെ തുടർന്ന് രുഗ്മിണിയെ തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചികിത്സയിൽ തുടരുന്നതിനിടെ ഇന്നലെ രുഗ്മിണി മരിച്ചു. തുടർന്ന് നടന്ന പരിശോധനയിലാണ് വിഷം ഉള്ളിൽച്ചെന്നതാണ് മരണത്തിനിടയാക്കിയതെന്ന് കണ്ടെത്തി. മകളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യലിലാണ് വിഷം കൊടുത്തതായി തെളിഞ്ഞത്. രുഗ്മിണിയും മകളുമായി സ്വത്ത് സംബന്ധിച്ച് തർക്കം നിലനിന്നിരുന്നു. തുടർന്ന് സ്വത്ത് തട്ടിയെടുക്കാനായി ഇന്ദുലേഖ അമ്മയ്ക്ക് വിഷം നൽകുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.