
പുതിയ കാലത്ത് ഫ്രിഡ്ജുകൾ വീടുകളിൽ ഒഴിച്ചുകൂടാനാവാത്ത സാധനമായി മാറിക്കഴിഞ്ഞു. ഭക്ഷണ വസ്തുക്കൾ കേടാകാതെ സൂക്ഷിച്ചുവയ്ക്കുന്നതിൽ ഫ്രിഡ്ജ് വഹിക്കുന്ന പങ്ക് വലുതാണ്, എന്നുകരുതി എല്ലാ ആഹാര സാധനങ്ങളും കൊണ്ടു തള്ളേണ്ട ഇടമായി ഇതിനെ കാണരുത്. ബൂാക്കി വന്ന ഭക്ഷണ സാധനങ്ങളും പഴങ്ങളും പച്ചക്കറികളും ഒക്കെ വയ്ക്കുന്നത് കാരണം ഫ്രിഡ്ജ് തുറന്നാൽ ദുർഗന്ധത്തിനും ഒട്ടും കുറവുകാണില്ല.
ഫ്രിഡ്ജ് ശരിയായി വൃത്തിയാക്കാത്തതാണ് പലപ്പോഴും ദുർഗന്ധത്തിന് ഇടയാക്കുന്നത്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഫ്രിഡ്ജ് വൃത്തിയായി സൂക്ഷിക്കാം.
മുട്ടയും പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി വൃത്തിയാക്കി വേണം ഫ്രിഡ്ജിൽ വയ്ക്കാൻ. അല്ലെങ്കിൽ അതിലെ മാലിന്യങ്ങൾ ഫ്രിഡ്ജിലെത്താം. അത് ദുർഗന്ധത്തിനും കാരണമാകും.
പാകപ്പെടുത്തിയ ആഹാരം ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ അടച്ചു സൂക്ഷിക്കുക. അതിലൂടെ അണുബാധ തടയാം. അതുപോലെ തന്നെ, പാകപ്പെടുത്തിയ സാധനങ്ങൾ ഫ്രിഡ്ജിൽ വച്ചിട്ട് അത് ഒന്നിലേറെ തവണ ചൂടാക്കി ഉപയോഗിക്കുന്നത് ആരോഗ്യകരമല്ല.
മത്സ്യവും മാംസവും ഒരാഴ്ചയിലധികം ഫ്രീസറിൽ വച്ച് ഉപയോഗിക്കരുത്. മത്സ്യത്തിന്റെയും ഇറച്ചിയുടെയുമൊക്കെ ഗന്ധമാണ് പലപ്പോഴും പുറത്തേയ്ക്ക് വരുന്നത്. അതിനാൽ ഇവ വായു സഞ്ചാരമില്ലാത്ത പാത്രങ്ങളിൽ വച്ചതിന് ശേഷം മാത്രം ഫ്രിഡ്ജിൽ സൂക്ഷിക്കുക. അങ്ങനെ ചെയ്യുന്നത് ഇത്തരം ഗന്ധം പുറത്തുവരാതിരിക്കാൻ ഒരു പരിധി വരെ സഹായിക്കും
ഫ്രിഡ്ജിനുള്ളിലെ പച്ചക്കറികളും മറ്റും ഇടയ്ക്കിടയ്ക്ക് പരിശോധിക്കുക. കേടായതും ചീഞ്ഞതുമായവ ഉടൻ തന്നെ ഫ്രിഡ്ജിൽ നിന്നും നീക്കം ചെയ്യുക.
ചൂടു വെള്ളത്തിൽ കുറച്ച് ബേക്കിംഗ് സോഡ മിക്സ് ചെയ്തതിന് ശേഷം ഫ്രിഡ്ജ് വൃത്തിയാക്കുന്നത് ദുർഗന്ധം ഇല്ലാതാക്കാൻ സഹായിക്കും. ഒരു പാത്രത്തിൽ ബേക്കിംഗ് സോഡ എടുത്ത് ഫ്രിഡ്ജിനുള്ളിൽ വയ്ക്കുന്നതും ഗന്ധം പോകാൻ സഹായിക്കും.
ഭക്ഷണ പദാർത്ഥങ്ങളുടെ ദുർഗന്ധം കളയാൻ ഫ്രിഡ്ജിൽ രണ്ട് നാരങ്ങ മുറിച്ച് വയ്ക്കുന്നതും നല്ലതാണ്