
കോട്ടയം: മുൻ എം എൽ എ പി സി ജോർജിന്റെ വീട്ടിൽ റെയ്ഡ്. കോട്ടയം ക്രൈം ബ്രാഞ്ച് ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ വ്യാജ തെളിവുണ്ടാക്കി എന്നാണ് ആരോപണം.
വധ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ ദിലീപിന്റെ സഹോദരന്റെ മൊബൈൽ ഫോണുകൾ പരിശോധിച്ചിരുന്നു. ഈ സമയമാണ് കേസ് അട്ടിമറിക്കാൻ ഉണ്ടാക്കിയ വ്യാജ വാട്സാപ്പ് ഗ്രൂപ്പിലെ ചാറ്റുകൾ കണ്ടെത്തിയത്.

'ദിലീപിനെ പൂട്ടണം' എന്ന പേരിലായിരുന്നു വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത്. മഞ്ജുവാര്യർ അടക്കമുള്ളവരുടെ ഫോട്ടോകൾ ഉപയോഗിച്ച് വ്യാജ നമ്പരുകൾ ഉപയോഗിച്ചാണ് ഗ്രൂപ്പുണ്ടാക്കിയതെന്നാണ് സൂചന. ഇവർ ഗൂഢാലോചന നടത്തിയാണ് ദിലീപിനെ കുടുക്കിയതെന്ന പ്രതീതി ഉണ്ടാക്കാനായി ചാറ്റ് ചെയ്തു.
പി സി ജോർജിന്റെ മകൻ ഷോൺ ജോർജിന് വ്യാജ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതിൽ പങ്കുണ്ടെന്ന സംശയത്തിലാണ് റെയ്ഡ് നടത്തുന്നത്. അറസ്റ്റിലായിരുന്ന സമയത്ത് ദിലീപിനെ കാണാൻ ഷോൺ ജോർജ് പോയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിട്ടുണ്ട്.