
ചേർത്തല: ശാന്തിഗിരി ആശ്രമ സ്ഥാപകൻ കരുണാകരഗുരുവിന്റെ ജന്മഗൃഹമായ ചന്തിരൂരിലെ ആശ്രമത്തിൽ ഗുരുവിനായി ജന്മഗൃഹ സമുച്ചയം നിർമ്മിക്കുന്നു. രണ്ട് വർഷം മുൻപ് ശിലയിട്ടെങ്കിലും കൊവിഡ് കാരണം തുടങ്ങാനാവാത്ത സമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനം 28ന് നടൻ മമ്മൂട്ടി നിർവഹിക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
150 കോടിയാണ് ആകെ നിർമ്മാണ ചെലവ്. ഇതിൽ 20 കോടി ചെലവിൽ ആദ്യഘട്ടം 2027ൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 28ന് വൈകിട്ട് 5ന് നടക്കുന്ന ചടങ്ങിൽ അഡ്വ. എ.എം.ആരിഫ് എം.പി അദ്ധ്യക്ഷനാകും. ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ആമുഖ പ്രഭാഷണം നടത്തും. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രൻ ജ്ഞാന തപസ്വി എന്നിവർ പങ്കെടുക്കും.
സാമൂഹിക സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുമെന്ന് സ്വാമി ജനനന്മ ജ്ഞാന തപസ്വി, ജനനി പൂജാജ്ഞാന തപസ്വിനി, സ്വാമി ജ്യോതിചന്ദ്രൻ ജ്ഞാനതപസ്വി, സ്വാമി ചിത്തശുദ്ധൻ ജ്ഞാനതപസ്വി എന്നിവർ അറിയിച്ചു. വാർത്താസമ്മേളനത്തിൽ സീനത്ത് ഷിഹാബുദ്ദീൻ, അഷറഫ് നേറ്റിപറമ്പ്, നൗഷാദ് കുന്നേൽ, മജീദ് വെളുത്തേടത്ത്, ടി.പി. പ്രകാശൻ, ഇർഷാദ് എന്നിവരും പങ്കെടുത്തു.