
ശ്രീനഗർ: ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് ഭീകരർ മൈൻഫീൽഡിൽ ചവിട്ടി പൊട്ടിത്തെറിച്ചു. നിയന്ത്രണരേഖയിൽ നിന്ന് 150 മീറ്റർ അകലെ നടന്ന പൊട്ടിത്തെറിയിൽ കൊല്ലപ്പെട്ട രണ്ട് ഭീകരരുടെ മൃതദേഹം രണ്ടുദിവസത്തിന് ശേഷം സെെന്യം കണ്ടെടുത്തു. മൃതദേഹങ്ങൾ മൈൻഫീൽഡിൽ ആയിരുന്നതിനാലാണ് മൃതദേഹം വീണ്ടെടുക്കാൻ സമയമെടുത്തത്.
മൂന്ന് പേരടങ്ങുന്ന സംഘമാണ് നുഴഞ്ഞുകയറിയത്. ഇതിൽ ഒരാൾ പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും സെെന്യം പിന്തുടർന്ന് പിടികൂടുകയായിരുന്നു. പിടികൂടിയയാൾക്ക് ശസ്‌ത്രക്രിയ നടത്തി. ഇയാൾക്ക് ആവശ്യമായ രക്തവും സെെന്യം നൽകി. പാകിസ്ഥാൻ സൈന്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ലഷ്‌കർ ഗൈഡ് ഓഗസ്റ്റ് 21 ന് അറസ്റ്റിലായതിന് പിന്നാലെയാണ് ഏറ്റവും പുതിയ നുഴഞ്ഞുകയറ്റ ശ്രമം നടന്നത്. തുടർച്ചയായുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങളെത്തുടർന്ന് പ്രദേശത്ത് സൈന്യം കാവൽ ശക്തമാക്കിയിട്ടുണ്ട്. 72 മണിക്കൂറിനിടെ നടന്ന മൂന്നാമത്തെ നുഴഞ്ഞുകയറ്റ ശ്രമമാണ് സെെന്യം തടഞ്ഞത്.

'2022 ഓഗസ്റ്റ് 21 ന് രാവിലെ, നൗഷേരയിലെ ജങ്കാർ സെക്ടറിൽ വിന്യസിച്ചിരിക്കുന്ന സൈനികർ നിയന്ത്രണ രേഖയുടെ സ്വന്തം വശത്ത് തീവ്രവാദികളുടെ നീക്കം കണ്ടെത്തി. ഒരു ഭീകരൻ ഇന്ത്യൻ പോസ്റ്റിന് സമീപം വന്ന് വേലി മുറിക്കാൻ ശ്രമിച്ചു. സെെന്യം തിരിച്ചറിഞ്ഞതോടെ ഭീകരർ ഓടിപ്പോകാൻ ശ്രമിച്ചു. ഇതിനിടയിൽ മെെൻ പൊട്ടിത്തെറിച്ച് രണ്ട് ഭീകരർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്‌തു.
പരിക്കേറ്റ പാകിസ്ഥാൻ ഭീകരനെ ജീവനോടെ പിടികൂടുകയും അടിയന്തര വൈദ്യസഹായം നൽകുകയും ജീവൻ രക്ഷിക്കാനുള്ള ശസ്ത്രക്രിയ നടത്തുകയും ചെയ്തു. പാക് അധീന കശ്മീരിലെ കോട്‌ലി ജില്ലയിലെ സബ്‌സ്‌കോട്ട് ഗ്രാമത്തിൽ താമസിക്കുന്ന തബാറക് ഹുസൈൻ ആണെന്ന് പിടിയിലായ ഭീകരൻ വെളിപ്പെടുത്തി'- സെെന്യം പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.