ahaana-


സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കിരിയായി മാറിയ താരമാണ് അഹാന കൃഷ്ണ. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമെല്ലാം ലക്ഷക്കണക്കിന് ആരാധകരാണ് താരത്തിനുള്ളത്. നടി, വ്ലോഗർ എന്നീ നിലകളിൽ മാത്രമല്ല സംവിധാനത്തിലും അഹാന തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

സിനിമ എന്ന ഉദ്ദേശത്തോടെയാണ് പലരും ഷോർട്ട് ഫിലിമുകളിൽ അഭിനയിക്കുന്നത്. എന്നാൽ സിനിമയിൽ സജീവമായിരിക്കേ വെബ് സീരീസ് തിരഞ്ഞെടുക്കാൻ കാരണം

സിനിമ തന്നെയാണ് എന്റെയും ആഗ്രഹം. കൊവിഡ് വന്നതും സിനിമ ഒ ടി ടിയിലേയ്ക്ക് മാറിയതും കാരണം ഇപ്പോൾ തീയേറ്ററിൽ പോയി മാത്രമല്ല പ്രേക്ഷകർ ആസ്വദിച്ച് ചിത്രം കാണുന്നത്. സിനിമ ആയാലും മ്യൂസിക് വീഡിയോ ആയാലും വെബ് സീരീസ് ആയാലും നല്ലതാണെങ്കിൽ പ്രേക്ഷകർക്ക് ഇഷ്ടപ്പെടും. അല്ലാതെ മോശമാണെങ്കിലും അത് സിനിമയല്ലേ എന്ന് കരുതി ഒരിക്കലും ആരും നല്ലതെന്ന് പറയില്ല. എന്നെ സംബന്ധിച്ച് നല്ലത് ഏത് വന്നാലും ചെയ്യുക എന്നതാണ്. അവിടെ സിനിമ, ഷോർട്ട് ഫിലിം എന്നൊരു വ്യത്യാസം കാണുന്നില്ല. ഏതൊരു വർക്ക് ചെയ്താലും അത് വ്യക്തിപരമായി നല്ലത് മാത്രമേ വരുത്തുന്നുള്ളൂ. സിനിമയിൽ എത്തിയ ശേഷം പതിനഞ്ചോളം സ്ക്രിപ്റ്റുകൾ കേട്ടിട്ടുണ്ട്. അതിൽ ഇഷ്ടപ്പെട്ട അഞ്ചോ ആറോ സിനിമ മാത്രമേ ചെയ്തിട്ടുള്ളൂ.

'മി മൈസെൽഫ് ആന്റ് ഐ' തിരഞ്ഞെടുത്തതിന് പിന്നിൽ

തിരക്കഥ തന്നെയാണ് പ്രധാന കാരണം. കുറച്ച് വായിച്ചപ്പോൾ തന്നെ ഒരുപാട് ഇഷ്ടപ്പെട്ടു. കൂടുതലും ഫാന്റസിയാണ്. മലയാളത്തിൽ ഇതുവരെ കണ്ടിട്ടുള്ളതിൽ നിന്ന് വളരെ വ്യത്യസ്തമാണ് ഈ സീരീസിന്റെ പ്രമേയവും അവതരണവും.

webseries

'മാളവിക' എന്ന കഥാപാത്രത്തെ പറ്റി

സ്വന്തമായി കഫേ നടത്തുന്ന 25കാരിയാണ് മാളവിക. വ്യക്തി ജീവിതത്തിൽ അനുഭവിക്കുന്ന പ്രശ്നങ്ങളും അതിനിടെ അവളുടെ ജീവിതത്തിലേയ്ക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന മനുഷ്യരും പിന്നീട് ഉണ്ടാകുന്ന സംഭവങ്ങളിലും നിന്നാണ് കഥ തുടങ്ങുന്നത്.

അണിയറ പ്രവർത്തകരെ പറ്റി

അഭിലാഷ് സുധീഷാണ് സംവിധായകൻ. ഭാവിയിൽ ഒരുപാട് ചിത്രങ്ങൾ സംവിധാനം ചെയ്ത് അറിയപ്പെടുന്ന സിനിമാ സംവിധായകനാകാൻ കഴിവുള്ള വ്യക്തിയാണ്. അഭിജിത്തും അഭിലാഷും ചേർന്നാണ് സ്ക്രിപ്റ്റ് എഴുതിയിരിക്കുന്നത്. നിമിഷാണ് ഛായാഗ്രഹണം. ഓരോ ഡിപ്പാർട്ട്മെന്റ് കൈകാര്യം ചെയ്തവരും വളരെ മികച്ച രീതിയിൽ ചെയ്തിട്ടുണ്ട്.

webseries

'ഫാമിലി മാൻ' പോലുള്ള വെബ്‌ സീരീസ് മലയാളത്തിൽ ഉണ്ടാവാത്തതിന് കാരണം

ഫാമിലി മാൻ ഹിന്ദി ഭാഷയിൽ ആയതുകൊണ്ട് തന്നെ മലയാളികൾ ഉൾപ്പെടെയുള്ള മറ്റ് ഭാഷക്കാർ അത് കാണും. എന്നാൽ മലയാളത്തിൽ ഇത്രയും പണം ചെലവാക്കി വെബ് സീരീസ് എടുത്താൽ അത്രയും പ്രേക്ഷകർ അത് കാണുമോ എന്ന കാര്യം സംശയമാണ്. ഭാവിയിൽ മലയാളത്തിലും അത്തരമൊരു മാറ്റം ഉണ്ടാകും.

സംവിധാനം/ അഭിനയം

അഭിനയമാണ് കൂടുതൽ താൽപ്പര്യം. സംവിധാനവും ഇഷ്ടമാണ് ഒരുപാട് എൻജോയ് ചെയ്യുന്നുണ്ട്. പിന്നീട് നല്ലൊരു ചിത്രം സംവിധാനം ചെയ്താൽ കൊള്ളാമെന്ന് ആഗ്രഹമുണ്ട്. ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാൻ പറഞ്ഞാൽ അഭിനയം ആയിരിക്കും.

സിനിമയോടുള്ള കാഴ്ചപ്പാടിലുണ്ടായ വ്യത്യാസം

അഭിനയരംഗത്തെത്തി എട്ട് വർഷം പിന്നിടുകയാണ്. ഇപ്പോൾ സിനിമയോടുള്ള ആഗ്രഹം കൂടിയിട്ടുണ്ട്. കുറച്ചുകൂടി സിനിമയെ പറ്റി ധാരണയുണ്ട്. ഇനിയും ഒരുപാട് ചിത്രങ്ങൾ ചെയ്യണമെന്നുണ്ട്.

ഭാവിയിൽ സിനിമയുടെ ഏത് മേഖലയിൽ അറിയപ്പെടാനാണ് ആഗ്രഹം

നായികയായും സംവിധായികയായും അറിയപ്പെടാം. പൃഥ്വിരാജ് അതിനൊരു ഉത്തമ ഉദാഹരണമല്ലേ. അഭിനയിക്കുന്നു, സംവിധാനം ചെയ്യുന്നു, നിർമിക്കുന്നു. അതുകൊണ്ട് തന്നെ താൽപ്പര്യമുള്ള ഏത് മേഖലയിലും എത്തിപ്പെടാം. നമുക്ക് പ്ലാൻ ചെയ്യാനേ പറ്റൂ. അന്നത്തെ സാഹചര്യം അനുസരിച്ച് എന്താ സംഭവിക്കുക എന്നറിയില്ല. തിരക്കുള്ള നായികയും സംവിധായികയും ആവണം. സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കണം എന്നാണ് ആഗ്രഹം.

സ്വന്തം സ്വഭാവവുമായി സാമ്യം തോന്നിയ കഥാപാത്രം

'അടി' എന്ന ചിത്രത്തിലെ കഥാപാത്രം മാത്രമാണ് ഞാനുമായി ഒരു സാമ്യവുമില്ല എന്ന് തോന്നിയത്. ബാക്കി കഥാപാത്രങ്ങളെല്ലാം സഞ്ചരിക്കുന്ന സാഹചര്യങ്ങളും സംസാരിക്കുന്ന കാര്യങ്ങളും വ്യത്യസ്തമാണെങ്കിലും എനിക്ക് മറ്റൊരു വ്യക്തിയായി മാറേണ്ടി വന്നിട്ടില്ല. ഇതുവരെ ചെയ്ത കഥാപാത്രങ്ങളെല്ലാം സിറ്റി ലൈഫ് ലീഡ് ചെയ്യുന്നതാണ് അതുകൊണ്ടുതന്നെ എനിക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്നതായിരുന്നു.

നെഗറ്റീവ് കമന്റുകളെ പറ്റി

ഡ്രസിംഗിന്റെ പേരിലോ അല്ലാതെയോ വരുന്ന കമന്റുകൾ ശ്രദ്ധിക്കാറില്ല. വാർത്തകളിൽ കണ്ടു. ഒരു പോസ്റ്റിന് താഴെ ഇത്തരം കമന്റുകളിടുമ്പോൾ ആരാണ് അവിടെ മോശമാകുന്നത് എന്ന് കാണുന്നവർക്ക് മനസിലാക്കാവുന്നതേയുള്ളൂ.

പുതിയ പ്രോജക്ടുകൾ

ദുൽഖർ സൽമാൻ നിർമ്മിക്കുന്ന 'അടി' എന്ന ചിത്രമാണ് അടുത്തതായി റിലീസാവാനുള്ളത്. ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.