
കോട്ടയം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് സംഘം വീട്ടിൽ നടത്തിയ റെയ്ഡിനെക്കുറിച്ച് പ്രതികരണവുമായി പൂഞ്ഞാർ മുൻ എം.എൽ.എ പി.സി ജോർജ്. നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ വ്യാജ തെളിവുണ്ടാക്കി എന്ന് ആരോപിച്ചാണ് കോട്ടയം ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്.
ലാവ്‍ലിൻ കേസിൽ അടുത്ത മാസം വിധി വരുമെന്ന് ഉറപ്പായതോടെയാണ് മുഖ്യമന്ത്രി തനിക്കെതിരെ പുതിയ നീക്കവുമായി രംഗത്തെത്തിയതെന്ന് പി.സി.ജോർജ് ആരോപിച്ചു. 'പിണറായി വിജയൻ വിധി വരുമ്പോൾ ജയിലിൽ പോകേണ്ടി വരുമെന്ന് ഉറപ്പാണ്. ശിക്ഷ കിട്ടുമെന്ന് ഉറപ്പായതുകൊണ്ടാണ് അവിഹിത മാർഗങ്ങൾ ഉപയോഗിച്ച് 20 വർഷമായി കേസ് പിടിച്ചുവച്ചിരിക്കുന്നത്. വിധിയുടെ കാര്യം ചർച്ചയാകാതിരിക്കാനാണ് ഈ റെയ്‌ഡ്.
ദിലീപിന്റെ സഹോദരനുമായി ഷോൺ ജോർജ് സംസാരിച്ച ഫോൺ കണ്ടെത്താനെന്നു പറഞ്ഞാണ് ക്രൈംബ്രാഞ്ച് റെയ്ഡിനെത്തിയത്. 2019ൽ നഷ്ടപ്പെട്ടെന്ന് പറഞ്ഞ് പരാതി കൊടുത്തിരുന്ന ഫോണാണ് ക്രൈംബ്രാഞ്ച് 2022ൽ അന്വേഷിക്കുന്നത്. കോടതിയെപ്പോലും തെറ്റിദ്ധരിപ്പിച്ചാണ് റെയ്ഡിന് ഓർഡർ മേടിച്ചിരിക്കുന്നത്.
രാവിലെ ഏഴേ കാലിന് പൊലീസ് വന്നു. വാതിൽ തുറന്ന് കൊടുക്കാൻ ഞാൻ പറഞ്ഞു. എല്ലായിടവും റെയ്‌ഡ് ചെയ്‌തോളാൻ ഞാൻ പറഞ്ഞു. അന്വേഷിച്ച് വന്നിട്ട് എന്തെങ്കിലും കൊണ്ടു പോകണ്ടേ. അവര് എടുത്തത് കണ്ട് എനിക്ക് ദേഷ്യം വന്നു. ഒന്നാം ക്ലാസിൽ പഠിക്കുന്ന അമ്മു എന്ന എന്റെ കൊച്ചുണ്ട്. ആറാം ക്ലാസിൽ പഠിക്കുന്ന അപ്പുവും. രണ്ടും ഷോണിന്റെ മക്കളാണ്. ഈ രണ്ട് മക്കളുടെയും ടാബ് എടുത്ത് കൊണ്ട് പോവാൻ നോക്കി. പിള്ളേർക്ക് പരീക്ഷ നടക്കുവാണ്. ഇത് കൊണ്ട് പോകാൻ സമ്മതിക്കാൻ പറ്റോ. അതാ എനിക്ക് അരിശം വന്നേ. ദിലീപിന്റെ കേസ് കോടതിയിൽ പൊളിഞ്ഞുപോയി. ക്രൈംബ്രാഞ്ചിന് നാണക്കേടായി. അതുകൊണ്ട് അവര് വേറെ കേസ് ഉണ്ടാക്കാൻ ശ്രമിക്കുകയാണ്' - പി.സി ജോർജ് സ്വകാര്യ ചാനലിനോട് പറഞ്ഞു.
അതേസമയം, വധ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ ദിലീപിന്റെ സഹോദരന്റെ മൊബൈൽ ഫോണുകൾ പരിശോധിച്ചിരുന്നു. ഈ സമയമാണ് കേസ് അട്ടിമറിക്കാൻ ഉണ്ടാക്കിയ വ്യാജ വാട്സാപ്പ് ഗ്രൂപ്പിലെ ചാറ്റുകൾ കണ്ടെത്തിയത്.
ദിലീപിനെ പൂട്ടണം' എന്ന പേരിലായിരുന്നു വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത്. മഞ്ജുവാര്യർ അടക്കമുള്ളവരുടെ ഫോട്ടോകൾ ഉപയോഗിച്ച് വ്യാജ നമ്പരുകൾ ഉപയോഗിച്ചാണ് ഗ്രൂപ്പുണ്ടാക്കിയതെന്നാണ് സൂചന. ഇവർ ഗൂഢാലോചന നടത്തിയാണ് ദിലീപിനെ കുടുക്കിയതെന്ന പ്രതീതി ഉണ്ടാക്കാനായി ചാറ്റ് ചെയ്തു.
പി.സി ജോർജിന്റെ മകൻ ഷോൺ ജോർജിന് വ്യാജ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതിൽ പങ്കുണ്ടെന്ന സംശയത്തിലാണ് റെയ്ഡ് നടന്നത്. അറസ്റ്റിലായിരുന്ന സമയത്ത് ദിലീപിനെ കാണാൻ ഷോൺ ജോർജ് പോയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിരുന്നു.