
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഓണക്കിറ്റ് ലഭിച്ചെന്ന് ഉറപ്പുവരുത്തുമെന്നും റേഷൻ കടകളിലെ തിരക്ക് ഒഴിവാക്കാൻ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തുമെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ. ഇന്ന് രാവിലെ 10 മണി വരെയുള്ള കണക്കുകൾ പ്രകാരം ഏഴു ലക്ഷം കാർഡ് ഉടമകൾക്കാണ് ഓണക്കിറ്റ് വിതരണം ചെയ്തത്.
വിവിധ വിഭാഗങ്ങളിലുള്ള കാർഡ് ഉടമകൾക്ക് ഓണക്കിറ്റ് വാങ്ങാൻ പ്രത്യേക ദിവസങ്ങൾ നിശ്ചയിച്ചത് തിരക്കൊഴിവാക്കുന്നതിനായാണ്. അസൗകര്യം മൂലം അന്നേ ദിവസം വാങ്ങാൻ കഴിയാത്തവർക്ക് മറ്റ് ദിവസങ്ങളിൽ അതിനുള്ള സൗകര്യം ഉണ്ടായിരിക്കും. ആളുകൾ കൂട്ടത്തോടെ എത്തിയാൽ റേഷൻ കടകളിലെ ഇ-പോസ് യന്ത്രത്തിന്റെ പ്രവർത്തനത്തെ ബാധിക്കാനുള്ള സാധ്യതയുണ്ട്. ഇതൊഴിവാക്കാൻ പ്രത്യേക സംവിധാനം ഏർപ്പടുത്തുമെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ ഹരിത കർമ സേനാ സംഗമത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹരിത കർമ സേന പ്രവർത്തകർ നാടിന് ചെയ്യുന്ന സേവനം വലുതാണെന്നും അവർക്കെത്ര പ്രതിഫലം നൽകിയാലും അധികമാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, കുടുംബശ്രീ മിഷൻ എന്നിവയുടെ ഏകോപനത്തിൽ സംസ്ഥാനത്തെ മിക്കവാറും തദ്ദേശസ്ഥാപനങ്ങളിലും ഹരിത കർമ സേനകൾ പ്രവർത്തിക്കുന്നുണ്ട്.
ഹരിത കർമ സേനയുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി വിവിധ ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു വരുന്ന ഹരിത കർമസേന സംരംഭങ്ങളുടെ പ്രവർത്തന വിശകലനവും അവയിലെ മികച്ച മാതൃകകളുടെ അവതരണവും ലക്ഷ്യമിട്ടാണ് ഹരിതകർമ്മ സേന സംഗമം സംഘടിപ്പിച്ചത്. വർക്കല, ആറ്റിങ്ങൽ മുൻസിപ്പാലിറ്റികൾ, കാഞ്ഞിരംകുളം, ഉഴമലയ്ക്കൽ, കൊല്ലയിൽ, കല്ലിയൂർ ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിൽ നടത്തിവരുന്ന ഹരിതകർമസേനയുടെ പ്രവർത്തന മാതൃകകൾ സംഗമത്തിൽ അവതരിപ്പിച്ചു.
തിരുവനന്തപുരം പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സലൂജ, തിരുവനന്തപുരം കോർപറേഷൻ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ജമീല ശ്രീധരൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി വിജു മോഹൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി അമ്പിളി, ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ കെ.റ്റി. ബാലഭാസ്‌കർ ക്ലീൻ കേരള കമ്പനി മാനേജിംഗ് ഡയറക്ടർ ജി.കെ.സുരേഷ് കുമാർ, നവകേരളം കർമ പദ്ധതി തിരുവനന്തപുരം ജില്ലാ കോർഡിനേറ്റർ സി.അശോക്, ശുചിത്വ മിഷൻ തിരുവനന്തപുരം ജില്ലാ കോർഡിനേറ്റർ ഫെയ്സി എ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഷാജി ബോൺസ്ലേ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ഹരിതകർമസേനാ പ്രവർത്തകർ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.