sonali-phogat

പനാജി: ബിജെപി നേതാവും നടിയും മുൻ ബിഗ്‌ബോസ് താരവുമായ സൊനാലി ഫോഗട്ടിന്റെ (42) മരണത്തിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം. സ്വത്തുക്കൾ കൈക്കലാക്കാൻ രണ്ട് സഹപ്രവർത്തകർ ചേർന്ന് സൊനാലിയെ കൊലപ്പെടുത്തുകയായിരുന്നെന്ന് സഹോദരൻ റിങ്കു ധാക്ക പൊലീസിൽ പരാതി നൽകി. സൊനാലി ഹൃദയാഘാതം മൂലം മരിച്ചുവെന്നായിരുന്നു പ്രാഥമിക നിഗമനം. കഴിഞ്ഞ ചൊവ്വാഴ്ച ഗോവയിലായിരുന്നു ബിജെപി നേതാവിന്റെ അന്ത്യം.

സൊനാലിയുടെ പ്രൈവറ്റ് സെക്രട്ടറിയായ സുധീർ സംഘ്‌വാനും സുഹൃത്ത് സുഖ്‌വീന്ദറും ചേർന്ന് സൊനാലിയുടെ ആഹാരത്തിൽ മയങ്ങുന്നതിനുള്ള പദാർത്ഥം കലർത്തി പീഡനത്തിനിരയാക്കിയെന്നും ഇതിന്റെ ദൃശ്യങ്ങൾ പകർത്തി ബ്ളാക്ക് മെയിലിംഗ് ചെയ്തുവെന്നും റിങ്കു ആരോപിക്കുന്നു. സൊനാലിയുടെ മരണത്തിന് പിന്നിൽ ചില രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും സഹോദരൻ പറഞ്ഞു. ഇരുവർക്കുമെതിരെ കൊലക്കുറ്രം, പീഡനക്കുറ്റം എന്നിവ ചുമത്തി കേസെടുക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് കുടുംബം പരാതി നൽകിയിരിക്കുന്നത്.

സഹോദരിയുടെ ഭർത്താവ് അമൻ പുനിയയുമായി കഴിഞ്ഞ തിങ്കളാഴ്ച സംസാരിക്കുന്നതിനിടെ ഭക്ഷണത്തിൽ എന്തോ കലർത്തിയിരുന്നതായി സൊനാലി പറഞ്ഞുവെന്നും കുടുബം വെളിപ്പെടുത്തുന്നു.

സുധീറും സുഹൃത്തും മൂന്ന് വർഷങ്ങൾക്ക് മുൻപ് വീട്ടിൽ മോഷണം നടത്തിയെന്നും ഓഗസ്റ്റ് 23ന് ഹിസാറിൽ തിരിച്ചെത്തുമ്പോൾ ഇവർക്കെതിരെ പൊലീസിനെ സമീപിക്കുമെന്നും അമനോട് സൊനാലി വെളിപ്പെടുത്തിയിരുന്നെന്നും റിങ്കു വ്യക്തമാക്കി. സൊനാലിയുടെ സിനിമാ, രാഷ്ട്രീയ കരിയർ നശിപ്പിക്കുമെന്ന് സുധീർ ഭീഷണിപ്പെടുത്തിയിരുന്നു. സൊനാലിയുടെ ഫോണുകലും എടിഎം കാർഡുകളും വീടിന്റെ താക്കോലും വസ്തുവകകളുടെ രേഖകളുമെല്ലാം സുധീറിന്റെ കൈവശമായിരുന്നെന്നും റിങ്കു ആരോപിക്കുന്നു.

മരണവിവരമറിഞ്ഞ് അവിടെയത്തിയപ്പോഴാണ് ഗോവയിൽ ഷൂട്ടിംഗ് ഒന്നുമില്ലായിരുന്നെന്ന് അറിഞ്ഞത്. മരണവിവരം കുടുംബത്തെ അറിച്ചത് സുധീറാണ്. എന്നാൽ പിന്നീട് വിളിച്ചപ്പോൾ ഫോൺ എടുത്തില്ല. സ്വന്തം ഫോണും സൊനാലിയുടെ ഫോണും സ്വിച്ച് ഓഫ് ചെയ്ത് വച്ചുവെന്നും കുടുംബം പരാതിയിൽ പറയുന്നു.