growth

കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തെ (2022-23)​ ആദ്യപാദമായ ഏപ്രിൽ-ജൂണിലെ ജി.ഡി.പി വളർച്ചാക്കണക്ക് കേന്ദ്രസർക്കാർ ഈമാസം 31ന് പുറത്തുവിടാനിരിക്കേ,​ വളർച്ചയെ സ്വാധീനിക്കുന്ന സുപ്രധാനമേഖലകൾ കാഴ്‌ചവയ്ക്കുന്നത് സമ്മിശ്ര പ്രകടനം. റീട്ടെയിൽ നാണയപ്പെരുപ്പം 6.5 ശതമാനത്തിനുമേൽ തുടരുന്നതാണ് പ്രധാന ആശങ്ക. നാണയപ്പെരുപ്പം 2 - 6 ശതമാനത്തിനുള്ളിൽ നിലനിൽക്കുന്നതാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് അഭിമ്യം.

നാണയപ്പെരുപ്പം ഉയർന്നതോടെ പർച്ചേസ് ചെലവുകളും വായ്‌പാ ബാദ്ധ്യതകളും കൂടിയത് കമ്പനികളെ തളർത്തുന്നതാണ് തിരിച്ചടി. കഴിഞ്ഞദിവസം ബ്ളൂംബെർഗ് പുറത്തുവിട്ട റിപ്പോർട്ടിൽ ഇന്ത്യയുടെ സാമ്പത്തിക പ്രവർത്തനങ്ങൾക്കുള്ള സ്കോർ 5 ആണ്. സമ്പദ്‌സ്ഥിതി സമ്മിശ്രമെന്ന് ഇതുസൂചിപ്പിക്കുന്നു. സ്കോർ അഞ്ചിനുമുകളിലെങ്കിൽ മികച്ചതും താഴെയെങ്കിൽ മോശവുമാണ്.

കിതച്ചും കുതിച്ചും സമ്പദ്‌മേഖല

 വ്യവസായ സ്ഥാപനങ്ങളുടെ സമ്പദ്‌സ്ഥിതിയും ഉപഭോക്താക്കളുടെ വാങ്ങൽശേഷിയും വ്യക്തമാക്കുന്ന പർച്ചേസിംഗ് മാനേജേഴ്‌സ് ഇൻഡക്‌സ് ജൂണിലെ 58.5ൽ നിന്ന് ജൂലായിൽ 56.6 ആയി കുറഞ്ഞു. ആഭ്യന്തര ഉപഭോക്തൃ ഡിമാൻഡ് മെച്ചപ്പെട്ടിട്ടുണ്ട്. വിദേശ ഓർഡറുകളിലെ തളർച്ചയാണ് വലയ്ക്കുന്നത്.

 ഇന്ത്യയുടെ കയറ്റുമതി വരുമാനവും ഇറക്കുമതിച്ചെലവും തമ്മിലെ അന്തരമായ വ്യാപാരക്കമ്മി കഴിഞ്ഞമാസം റെക്കാഡ് 3,​000 കോടി ഡോളറിലെത്തി. രൂപയുടെ മൂല്യത്തകർച്ച മൂലം ക്രൂഡ് ഇറക്കുമതിച്ചെലവേറിയത് തിരിച്ചടിയായി. ഇന്ത്യയുടെ ഇറക്കുമതിയുടെ മൂന്നിലൊന്നും ക്രൂഡോയിലാണ്.

 ജി.ഡി.പിയുടെ നട്ടെല്ലായ ഉപഭോക്തൃവിപണി കരകയറുന്നത് ശുഭസൂചനയാണ്. ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷം പാസ‍ഞ്ചർ വാഹനവില്പന മികച്ചനിലയിലെത്തി. ടൂവീലർ വില്പനയിൽ വലിയ വളർച്ചയുണ്ട്. ബാങ്ക് വായ്‌പകളിലും വലിയ ഉണർവുണ്ട്; ജൂലായിൽ വളർച്ച മൂന്നുവർഷത്തെ ഉയരമായ 14. ശതമാനം. ബാങ്കുകളിൽ മികച്ച പണലഭ്യതയുണ്ടെന്നതും സ്ഥിതി അനുകൂലമാക്കുന്നു.

 വ്യാവസായിക വളർച്ചയെ നിർണയിക്കുന്ന മേയിലെ 19.3 ശതമാനത്തിൽ നിന്ന് ജൂണിൽ 12.8 ശതമാനത്തിലേക്ക് ഇടിഞ്ഞത് നിരാശയാണ്.

ഇന്ത്യ വളരും 13-15.7%

ഒന്നാംപാദത്തിലും ഇന്ത്യ രണ്ടക്ക വളർച്ചാനിരക്ക് ജി.ഡി.പിയിൽ കുറക്കുമെന്നാണ് പ്രമുഖ ധനകാര്യ സ്ഥാപനങ്ങൾ വ്യക്തമാക്കുന്നത്. സമ്പദ്‌രംഗത്ത് മികച്ച തിരിച്ചുകയറ്റം ദൃശ്യമാണെന്ന് എസ്.ബി.ഐ എക്കോറാപ്പ് റിപ്പോർട്ടും റേറ്റിംഗ് ഏജൻസിയായ ഇക്രയുടെ റിപ്പോർട്ടും വ്യക്തമാക്കുന്നു.

ഏപ്രിൽ-ജൂണിൽ 13 ശതമാനമാണ് ഇക്രയുടെ പ്രവചനം. എസ്.ബി.ഐ 15.7 ശതമാനം വളർച്ചയും പ്രതീക്ഷിക്കുന്നു.

ജി.ഡി.പിയുടെ സഞ്ചാരം

(വളർച്ച കഴിഞ്ഞപാദങ്ങളിൽ)​

2020-21

 ഏപ്രിൽ-ജൂൺ : -23.8%

 ജൂലായ്-സെപ്‌തംബർ : -6.6%

 ഒക്‌ടോബർ-ഡിസംബർ : 0.7%

 ജനുവരി-മാർച്ച് : 2.5%

2021-22

 ഏപ്രിൽ-ജൂൺ : 20.1%

 ജൂലായ്-സെപ്‌തംബർ : 8.4%

 ഒക്‌ടോബർ-ഡിസംബർ : 5.4%

 ജനുവരി-മാർച്ച് : 4.1%