cat-bite

തിരുവനന്തപുരം : തെരുവുനായകളെ വന്ധ്യംകരിക്കുന്ന അനിമൽ ബർത്ത് കൺട്രോൾ പ്രോഗ്രാം (എ. ബി. സി ) സ്തംഭിച്ചതോടെ കേരളത്തിൽ നായശല്യം അതിരൂക്ഷമായി. പേവിഷ ബാധ വ്യാപകമാകുമെന്ന ആശങ്കയും ശക്തം. നായകടിയേൽക്കുന്നവരുടെയും പേവിഷ മരണങ്ങളുടെയും എണ്ണവും കൂടുന്നു.

ഒന്നര ലക്ഷത്തോളം പേരാണ് ഇക്കൊല്ലം നായകടിച്ച് ചികിത്സ തേടിയത്. ഇവരിൽ 19 പേർ പേവിഷം ബാധിച്ച് മരിച്ചു. ഇതിൽ 15പേരും വാക്‌സിൻ എടുക്കാത്തവരാണെന്ന് ആരോഗ്യവകുപ്പിന്റെ കണക്ക്.നാലു പേർ വാക്‌‌സിനെടുത്തിട്ടും മരിച്ചത് വാക്സിന്റെ ഫലപ്രാപ്തിയെ പറ്റി ആശങ്കയുണ്ടാക്കി. ഇവർക്ക് കടിയേറ്റത് നെഞ്ച്, മുഖം, കഴുത്ത്, ചെവി, കൈവെള്ള എന്നിവിടങ്ങളിൽ ആയിരുന്നു. ഈ ഭാഗങ്ങളിലെ

മുറിവുകളിൽ കൂടി വിഷം അതിവേഗം തലച്ചോറിലെത്തും. വാക്‌സിനെടുത്താലും ഫലമുണ്ടാകില്ലെന്ന് വിദഗ്ദ്ധർ പറയുന്നു.

കോഴിക്കോട്ട് രണ്ട് പേരും കണ്ണൂർ, പാലക്കാട് ജില്ലകളിൽ ഒരാൾ വീതവുമാണ് വാക്‌സിനെടുത്തിട്ടും മരിച്ചത്.

പേവിഷ മരണങ്ങളുടെ കണക്ക് ആരോഗ്യ വകുപ്പ് പുറത്തുവിടാത്തത് കേരളകൗമുദി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് അധികൃതർ ഇക്കാര്യത്തിൽ വ്യക്തവരുത്തിയത്.


മാസം 10,000 വന്ധ്യംകരണം നടക്കണം

മാസം പതിനായിരത്തിലേറെ വന്ധ്യംകരണം നടന്നാലേ തെരുവ്നായ്‌ക്കളുടെ വർദ്ധന ഫലപ്രദമായി തടയാനാവൂ. ഇപ്പോൾ വന്ധ്യംകരണം നാമമാത്രമാണ്. കോഴിക്കോട്, എറണാകുളം തിരുവനന്തപുരം ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിൽ ദിവസം 20 നായ്‌ക്കളെപ്പോലും വന്ധ്യംകരിക്കുന്നില്ല.

തിരുവനന്തപുരത്ത് പേട്ട മൃഗാശുപത്രിയിൽ മാത്രമാണ് വന്ധ്യംകരണം. ദിവസം പത്തിൽ താഴെ മാത്രം.

തദ്ദേശ സ്ഥാപനങ്ങൾ നടപ്പാക്കുന്ന എ. ബി. സി പ്രോഗ്രാം കൊവിഡിന് ശേഷമാണ് സ്‌തംഭിച്ചത്. 2017ൽ ഇതിന്റെ നിർവഹണ ഏജൻസിയായ കുടുംബശ്രീ 2019 മേയ് വരെ സജീവമായിരുന്നെങ്കിലും കൊവി‌ഡിന് ശേഷം നിശ്ചലമായി.

പൂച്ച കടിയും കൂടി

ഇക്കൊല്ലം ജൂൺ വരെ 3.66 ലക്ഷം പേരാണ് നായയും പൂച്ചയും കടിച്ച് കുത്തിവയ്പ്പിനെത്തിയത്. ഇതിൽ 2.19 ലക്ഷവും പൂച്ചകടിയാണ്.

വാക്‌സിൻ സുരക്ഷിതമാണെന്ന് ആരോഗ്യവകുപ്പ് അവകാശപ്പെടുമ്പോഴും അത് സൂക്ഷിക്കുന്നതിലും മറ്റും പാളിച്ചയുണ്ടോയെന്ന് പരിശോധിക്കണം

-- വിദഗ്ദ്ധർ

എട്ടുമാസത്തെ പേവിഷ മരണം

തിരുവനന്തപുരം 6

പാലക്കാട് 4

തൃശൂർ 3

കോഴിക്കോട് 2

ഇടുക്കി 1

കണ്ണൂർ 1

കൊല്ലം 1

കോട്ടയം 1

നായകടി കേസുകൾ

2017 -1,35,749

2018 -1,48,365

2019 -1,61,050

2020 -1,60,483

2021- 2,21,379

2022- 1,47,287 (ജൂൺവരെ)

'നായകളുടെ എണ്ണവും ആക്രമണവും വർദ്ധിച്ചു. വിദശമായി പഠിച്ച് പരിഹാരം കാണണം.'

- ഡോ.സുൽഫി നൂഹു

(ഐ.എം.എ നിയുക്ത പ്രസിഡന്റ്)

വാക്‌സിൻ 4 തരം

ചിക്കബ്രിയോ, ഡക്കബ്രിയോ, വിറോസെൽ, ഹ്യൂമൻ ഡിപ്ലോയിഡ് സെൽ. സർക്കാർ മേഖലയിൽ ചിക്കബ്രിയോ,വിറോസെൽ വാക്‌‌സിനുകളാണ് ഉപയോഗിക്കുന്നത്. ചിലവ് കൂടുതലുള്ള ഹ്യൂമൻ ഡിപ്ലോയിഡ് സെൽ വാക്‌സിൻ സ്വകാര്യ ആശുപത്രികളിലാണ് ഉപയോഗിക്കുന്നത്. ഇതിന് അലർജി സാദ്ധ്യത കുറവാണ്. എല്ലാം 0,3,7,14,28 എന്നിങ്ങനെ അഞ്ചു ഡോസാണ്.

രോഗികളും ചികിത്സയും

നായയും പൂച്ചയും തൊലിപ്പുറത്ത് നക്കുകയോ മാന്തുകയോ ചെയ്‌തവർ. നിശ്ചിത ദിവസങ്ങൾ നിരീക്ഷിക്കും. ആവശ്യമെങ്കിൽ വാക്സിൻ നൽകും

തൊലിപുറത്ത് പോറലും രക്തംപൊടിയലും - വാക്‌സിൻ അഞ്ചു ഡോസ്

മുറിവേറ്റവർ - വാക്സിന് പുറമേ മുറിവിൽ ഇമ്മ്യൂണോ ഗ്ലോബുലിൻ ഒരു ഡോസ്