kk

തിരുവനന്തപുരം: ഏത് ബില്ലും സർക്കാരിന് പാസാക്കാമെന്നും ബിൽ ഭരണഘടനാ വിരുദ്ധ മല്ലെന്ന് ഉറപ്പാക്കേണ്ടത് ഗവർണറുടെ ചുമതലയാണെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. സർവകലാശാല ബിൽ യു.ജി.സി ചട്ടം അനുസരിച്ചാണോയെന്ന് പരിശോധിക്കുമെന്നും ഗവർണർ വ്യക്തമാക്കി.

ചരിത്രകോൺഗ്രസിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ വി.സിക്ക് പങ്കുണ്ടെന്നും ഗവർണർ ആവർത്തിച്ചു. കണ്ണൂർ വി.സി പുനർനിയമനം മുഖ്യമന്ത്രി ആവശ്യപ്പെട്ടത് പ്രകാരമാണ്. കണ്ണൂർ തന്റെ ജില്ലയെന്ന് മുഖ്യമന്ത്രി പറഞ്ഞത് മാനിച്ചെന്നും ഗവർണർ വിശദീകരിച്ചു.

അതേസമയം ഗവർണറും സർക്കാരും രണ്ട് പക്ഷത്തായിക്കഴിഞ്ഞെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.. മോദി സർക്കാരിന്റെ രാഷ്ട്രീയനയത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമെന്ന ചേരിതിരിവാണ് ഇവിടെ ഉള്ളതെന്ന് പാർട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിൽ അദ്ദേഹം പറയുന്നു. മോദി ഭരണത്തിൽ കമാൻഡർ ഇൻ ചീഫ് ആകാനുള്ള ശ്രമത്തിലാണ് ആരിഫ് മുഹമ്മദ് ഖാൻ. കമ്മ്യൂണിസ്റ്റ് വിരുദ്ധ ജ്വരം പടർത്തുകയാണ്. സംഘപരിവാർ അജണ്ടയുടെ ഭാഗമാണ് ഗവർണർ ഉണ്ടാക്കുന്ന പ്രശ്നങ്ങളെന്നും കോടിയേരി വിമർശിച്ചു.