ukraine

കീവ് : മദ്ധ്യ യുക്രെയിനിലെ നിപ്രോപെട്രോ‌വ്‌സ്‌കിലെ ചാപ്ലീൻ റെയിൽവേ സ്റ്റേഷന് നേരെ നടത്തിയ മിസൈൽ ആക്രമണത്തിൽ 200 ലേറെ യുക്രെയിൻ സൈനികരെ വധിച്ചെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം. എന്നാൽ, കുട്ടികൾ ഉൾപ്പെടെ 25 പേരാണ് മരിച്ചതെന്നാണ് യുക്രെയിൻ പുറത്തുവിടുന്ന വിവരം. റെയിൽവേ സ്റ്റേഷനും ജനവാസ കേന്ദ്രങ്ങൾക്കും നേരെ ആക്രമണം നടന്നതായി പറയുന്നു. 30ലേറെ പേർക്ക് പരിക്കേറ്റു. എന്നാൽ മരിച്ചവരെല്ലാം സിവിലിയൻമാരാണോ എന്ന് യുക്രെയിൻ വ്യക്തമാക്കിയില്ല.

ചാപ്ലീനിലെ ഒരു മിലിട്ടറി ട്രെയിനിന് നേരെ ഇസ്കൻഡർ മിസൈൽ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് റഷ്യ പറഞ്ഞു. കിഴക്കൻ ഡോൺബാസ് മേഖലയിലേക്ക് പുറപ്പെട്ടതാണ് ഈ ട്രെയിനെന്നും സൈനിക ഉപകരണങ്ങൾ തകർത്തെന്നും റഷ്യ അവകാശപ്പെട്ടു. നിപ്രോപെട്രോ‌വ്‌സ്‌‌ക, പോൾട്ടോവ മേഖലകളിലെ എയർബേസുകളിൽ നടത്തിയ ആക്രമണത്തിൽ യുക്രെയിന്റെ 8 യുദ്ധ വിമാനങ്ങൾ തകർത്തെന്നും റഷ്യ വ്യക്തമാക്കി.

യുക്രെയിന്റെ സ്വാതന്ത്ര്യദിനമായ ബുധനാഴ്ചയായിരുന്നു റെയിൽവേ സ്റ്റേഷന് നേരെ റഷ്യ ആക്രമണം നടത്തിയത്. റഷ്യൻ അധിനിവേശത്തിന്റെ ആറാം മാസം തികഞ്ഞതും ബുധനാഴ്ചയായിരുന്നു. അതേ സമയം, അപകടാവസ്ഥയിലുള്ള സെപൊറീഷ്യ ആണവനിലയവും യുക്രെയിൻ പവർഗ്രിഡും തമ്മിലെ ബന്ധം റഷ്യ വിച്ഛേദിച്ചെന്ന് യുക്രെയിൻ ഊർജ ഏജൻസിയായ എനർഗോട്ടം അറിയിച്ചു. റഷ്യ പിടിച്ചെടുത്ത നിലയത്തിന്റെ സ്ഥിതിഗതികൾ വിലയിരുത്താൻ അവിടേക്ക് ഉടൻ എത്തിച്ചേരുമെന്നാണ് യു.എന്നിന്റെ ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി നൽകുന്ന വിവരം.