weever

ലണ്ടൻ : യു.കെ,​ അയർലൻഡ് ബീച്ചുകളിലെത്തുന്ന സഞ്ചാരികൾക്ക് മുന്നറിയിപ്പുമായി റോയൽ നാഷണൽ ലൈഫ് ബോട്ട് ഇൻസ്റ്റിറ്റ്യൂഷൻ ( ആർ.എൻ.എൽ.ഐ )​. കടൽത്തീരങ്ങളിൽ കണ്ടുവരുന്ന ഒരു ഇത്തിരിക്കുഞ്ഞൻ മത്സ്യമാണ് മുന്നറിയിപ്പിന് പിന്നിൽ. വലിപ്പം ചെറുതാണെങ്കിലും ഇതിന്റെ കുത്തേറ്റാൽ മനുഷ്യർക്ക് ബോധക്ഷയം വരെ സംഭവിച്ചേക്കാമെന്നാണ് അധികൃതർ പറയുന്നത്.

വീവർ ഫിഷ് എന്നറിയപ്പെടുന്ന ഇവ ഇളം തവിട്ട് നിറത്തിലും വളരെ നേർത്ത ആകൃതിയിലുമാണുള്ളത്. ഏകദേശം 8 - 12 സെന്റീമീറ്ററോളമാണ് വലിപ്പം. 37 സെന്റീമീറ്റർ വരെയും ഇവയ്ക്ക് വളരാനാകും. ഇവ കടൽത്തീരത്തെ മണ്ണിൽ പറ്റിച്ചേർന്നിരിക്കുന്നത് കണ്ടെത്താൻ പ്രയാസമാണ്. കടൽത്തീരത്തെ മണ്ണിനടിയിലാണ് പലപ്പോഴും ഇവ സമയം ചെലവഴിക്കുക.

മുകൾഭാഗത്തെ ചിറക് മാത്രമേ ഈ അവസരത്തിൽ മണ്ണിന് പുറത്ത് കാണാനാകൂ. ഈ ചിറകുകളിൽ ഒളിച്ചിരിക്കുന്ന മൂന്ന് വിഷ മുള്ളുകളാണ് മറ്റ് ജീവികൾക്ക് വില്ലനാകുന്നത്. ഈ വിഷം മനുഷ്യർക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കില്ലെങ്കിലും മുള്ള് കൊണ്ടാൽ അതിശക്തമായ വേദനയാണുണ്ടാവുക. ഓരോരുത്തരിലും വേദനയുടെ തീവ്രതയും ശാരീരിക അസ്വസ്ഥതകളും വ്യത്യസ്തമായി അനുഭവപ്പെടാം. പലരിലും കുത്തേറ്റ ഭാഗം തടിച്ചു വീർക്കാറുണ്ട്.

വീവർ ഫിഷിന്റെ കുത്തേറ്റാൽ ഉടൻ ലൈഫ് ഗാർഡുകളെ സമീപിക്കണമെന്നാണ് ആർ.എൻ.എൽ.ഐ നൽകുന്ന നിർദ്ദേശം. പ്രത്യേക പരിശീലനം നൽകിയ ലൈഫ് ഗാർഡുകളെ ആർ.എൻ.എൽ.ഐ വിവിധ ബീച്ചുകളിൽ വിന്യസിച്ചിട്ടുണ്ട്. കടലിലേക്ക് ഇറങ്ങുന്നവർ കഴിയുന്നതും സ്വിമ്മിംഗ് ഷൂകളോ വെറ്റ്‌സ്യൂട്ട് ബൂട്ട്‌സോ ഉപയോഗിക്കണമെന്നും ആർ.എൻ.എൽ.ഐ നിർദ്ദേശിക്കുന്നു.