rajkabeer

കണ്ണൂർ: തലശ്ശേരിയിൽ നിന്ന് നാടുവിട്ട വ്യവസായ പുരസ്‌കാര ജേതാക്കളായ ദമ്പതികളെ കണ്ടെത്തി. പാനൂർ താഴെവീട്ടിൽ രാജ്‌കബീർ (58) ഭാര്യ ശ്രീദിവ്യ (48) എന്നിവരെ കോയമ്പത്തൂരിൽ നിന്നാണ് കണ്ടെത്തിയത്. ട്രെയിൻ മാർഗം ഇരുവരെയും തലശ്ശേരിയിലെത്തിക്കും. ഫർണിച്ചർ ഫാക്ടറിക്ക് നഗരസഭ പൂട്ടിട്ടതോടെയാണ് ദമ്പതികൾ നാടുവിട്ടത്.

സ്ഥലം കൈയേറിയെന്നാരോപിച്ചാണ് പത്ത് ജീവനക്കാരുള്ള ഫാക്‌ടറി നഗരസഭ പൂട്ടിച്ചത്. നാലുലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. ദമ്പതികളുടെ പരാതിയിൽ തുക ഗഡുക്കളാക്കി അടയ്‌ക്കാനായിരുന്നു ഹൈക്കോടതി ഉത്തരവ്. ഈ ഉത്തരവുമായെത്തിയ ദമ്പതികളെ ഉദ്യോഗസ്ഥരും നഗരസഭാ ഭരണാധികാരികളും അപമാനിച്ചുവെന്നും പരാതിയുയർന്നിരുന്നു.

ചൊവ്വാഴ്ച വൈകിട്ട് മുതലാണ് ഇരുവരെയും കാണാതായത്. ക്രൂരമായ നടപടി താങ്ങാനാവില്ലെന്നും തങ്ങൾ പോവുകയാണെന്നും അന്വേഷിക്കേണ്ടതില്ലെന്നും സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ശേഷമാണ് ദമ്പതികൾ നാടുവിട്ടത്. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇരുവരും കോയമ്പത്തൂരിലുണ്ടെന്ന സൂചന ഇന്നലെ വൈകിട്ടോടെ പൊലീസിന് ലഭിച്ചിരുന്നു. കഴിഞ്ഞ വർഷം മന്ത്രി പി. രാജീവിൽ നിന്ന് മികച്ച വ്യവസായികൾക്കുള്ള പുരസ്കാരം ദമ്പതികൾക്കാണ് ലഭിച്ചത്.