km-basheer

കൊച്ചി: മാദ്ധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് സഹോദരൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹർജി പരിഗണിക്കുക.


ബഷീറിന്റെ സഹോദരനായ മലപ്പുറം തിരൂർ സ്വദേശി കെ.എം. അബ്ദു റഹ്മാനാണ് ഹർജി നൽകിയത്. ഐ എ എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനെതിരെ തെളിവുകളുണ്ടെന്നിരിക്കെ, പ്രോസിക്യൂഷനും പൊലീസും പ്രതിയെ സഹായിക്കുകയാണെന്ന് ഹർജിയിൽ പറയുന്നു.


സംഭവ ദിവസം ബഷീർ ഒരു കോഫി ഷോപ്പിനു സമീപത്തു വച്ച് സംശയകരമായ സാഹചര്യത്തിൽ ശ്രീറാമിനെയും കേസിലെ രണ്ടാം പ്രതിയായ വഫയെയും കണ്ടെന്നും, ഇതു മൊബൈലിൽ പകർത്തിയെന്നും ഹർജിയിൽ പറയുന്നു. ഫോൺ കൈവശപ്പെടുത്താൻ ശ്രീറാം ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിന്റെ വൈരാഗ്യത്തിൽ മനപ്പൂർവം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയെന്നാണ് അബ്ദു റഹ്മാന്റെ ആരോപണം.


ബഷീറിന്റെ മൊബൈൽ ഫോൺ ഇതുവരെ കണ്ടെടുത്തിട്ടില്ലെന്നും പ്രതിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നതിനുള്ള തെളിവാണിതെന്നും ഹർജിയിൽ പറയുന്നു. 2019 ഓഗസറ്റ് മൂന്നിനാണ് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് കെ എം ബഷീർ കൊല്ലപ്പെടുന്നത്.