suvish

പാലക്കാട്: സുഹൃത്തുക്കൾ കൊലപ്പെടുത്തിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തത്തമംഗലം സ്വദേശി സുവീഷാണ് കൊല്ലപ്പെട്ടത്. യാക്കര പുഴയുടെ സമീപത്തുനിന്നാണ് സുവീഷിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിയാൻ സാധിക്കാത്ത വിധം ജീർണിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഡി എൻ എ പരിശോധന നടത്തും.

സംഭവത്തിൽ ആറ് പേരെ പാലക്കാട് സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്വരാജ്, ഹക്കിം,ഋഷികേശ്, അജയ്, ഷമീർ, മദൻകുമാർ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

കാർ വാടകയ്ക്ക് എടുത്തതുമായി ബന്ധപ്പെട്ട തർക്കവും, കഞ്ചാവ് വിൽപനയുമായി ബന്ധപ്പെട്ട തർക്കവുമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. ജൂലായ് 19നാണ് സുവീഷിനെ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സുവീഷിനെ കൊന്ന് പുഴയിൽ കെട്ടിത്താഴ്ത്തിയെന്നായിരുന്നു പ്രതികൾ നൽകിയ മൊഴി. ഇതുപ്രകാരം പുഴയിലും സമീപത്തും പരിശോധന നടത്തുകയായിരുന്നു.