yogi

ന്യൂഡൽഹി: 2007ൽ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നിഷേധിച്ചത് ചോദ്യം ചെയ്‌ത് കൊണ്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് എൻ.വി രമണ, ജസ്റ്റിസ് ഹിമ കൊഹ്ലി, ജസ്റ്റിസ് സി.ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

'അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട നിയമപരമായ ചോദ്യങ്ങളിലേക്ക് കടക്കേണ്ടതില്ലെന്ന് ഞങ്ങൾ കരുതുന്നു. തൽഫലമായി, അപ്പീൽ നിരസിക്കുന്നു'- വിധി വായിച്ചുകൊണ്ട് ജസ്റ്റിസ് രവികുമാർ പറഞ്ഞു.

2007 ജനുവരി 27 ന് ഗോരഖ്‌പൂരിൽ നടന്ന യോഗത്തിൽ സംസാരിക്കവെ യോഗി ആദിത്യനാഥ് മുസ്ലീം വിരുദ്ധ പരാമർശങ്ങൾ നടത്തിയെന്നാണ് ഹർജിക്കാരനായ പർവേസ് ആരോപിച്ചിരുന്നത്. 2017 മേയ് മൂന്നിന് യോഗിയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നിഷേധിച്ച യു.പി സർക്കാരിന്റെ തീരുമാനത്തെയും ഹർജിക്കാരൻ വെല്ലുവിളിച്ചു.

യോഗി ആദിത്യനാഥ് വിദ്വേഷ പ്രസംഗം നടത്തിയെന്ന് തെളിഞ്ഞുവെന്ന് ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. വിദ്വേഷ പ്രസംഗം രേഖപ്പെടുത്തിയതായി ആരോപിക്കപ്പെടുന്ന സി.ഡി കൃത്രിമവും വ്യാജവുമാണെന്നായിരുന്നു മറുവാദം.