
നാടിന്റെ വികസനസ്വപ്നങ്ങളെ വ്രണപ്പെടുത്തുമാറ് വിഴിഞ്ഞം തുറമുഖത്തിന് തടയിടാനുള്ള പുറപ്പാട് അറുതി കാണാതെ തുടരവേ, പദ്ധതി നിറുത്തിവയ്ക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറച്ച നിലപാട് തികച്ചും ശുഭകരമാണ്. കൂടംകുളം ആണവനിലയത്തിനെതിരെയും നടന്നിരുന്നു ഇത്തരമൊരു പ്രക്ഷോഭം. നിലയം യാഥാർത്ഥ്യമായപ്പോൾ ഗുണഭോക്താക്കളായി മാറിയവരിൽ പഴയ പ്രക്ഷോഭകരുമുണ്ട് ! അവർക്കിപ്പോൾ സൗജന്യമായി ലഭിക്കുകയാണ് വൈദ്യുതി.
വിഴിഞ്ഞം പദ്ധതിമൂലം കിടപ്പാടമോ ജീവനോപാധിയോ നഷ്ടപ്പെടുമെങ്കിൽ ആ പ്രശ്നം പരിഹരിക്കാൻ സർക്കാർ സന്നദ്ധമാണെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടും, തുറമുഖം അനുവദിക്കില്ലെന്ന് ശഠിക്കുന്നതിൽ ഒരു പന്തികേടുണ്ട്. കടലിൽ എന്തെങ്കിലും നിർമ്മാണപ്രവർത്തനം നടത്തിയാൽ തീരശോഷണം സംഭവിക്കുമെങ്കിൽ ലോകത്തെ ചില തുറമുഖങ്ങളും വിമാനത്താവളങ്ങളും മാത്രമല്ല, യൂറോപ്യൻ രാജ്യമായ നെതർലാൻഡ്സ് വരെ എന്നേ കടലെടുക്കേണ്ടതായിരുന്നു. 1,650 ചതുരശ്ര കിലോമീറ്റർ കടൽകൂടി ഈ രാജ്യം നികത്തിയെടുത്തിട്ട് അധികകാലമായിട്ടില്ല. തിരുവനന്തപുരം ജില്ലയുടെ മുക്കാലോളം വരും ഇത്രയും ഭൂഭാഗം.
വിഴിഞ്ഞത്ത് യാഥാർത്ഥ്യമാകാൻ പോകുന്നത് വെറുമൊരു തുറമുഖമല്ലെന്ന് മനസിലാക്കിയാൽ നാടിന്റെ വികസനം എങ്ങനെ സാദ്ധ്യമാകുമെന്നും, എതിർപ്പിന്റെ അടിവേരുകൾ എവിടെയാണെന്നും വ്യക്തമാകാതിരിക്കില്ല. രാജ്യത്തെ പ്രമുഖ തുറമുഖങ്ങളിൽപ്പോലും പ്രവേശിക്കാൻ സാധിക്കാത്തവിധം ഭീമാകാരമുള്ള മദർഷിപ്പുകൾക്ക് വേണ്ടിയുള്ള കണ്ടെയ്നർ ടെർമിനലാണ് വിഴിഞ്ഞത്തേത്. രാജ്യാന്തര കപ്പൽപ്പാതയ്ക്ക് സമീപമാണ്. മാത്രമല്ല, നിരന്തരം ഡ്രെഡ്ജിംഗ് വേണ്ടാത്തവിധം ആഴവും അടിത്തട്ടിൽ പാറയുമായതിനാൽ പരിപാലനച്ചെലവ് താരമ്യേന വളരെ കുറവുമാണ്. ആനുപാതികമായി വാടകയും കുറയും. മദർഷിപ്പുകളുടെ ഇഷ്ടതുറമുഖമായി വിഴിഞ്ഞം മാറുമെന്ന് സാരം.
മദർഷിപ്പുകൾക്ക് അടുക്കാൻ സാധിക്കുന്ന ദുബായ്, കൊളംബോ,സിംഗപ്പൂർ തുറമുഖങ്ങളിലെ ബിസിനസ് സ്വാഭാവികമായും ഇടിയും. മദർഷിപ്പുകളുമായി ബന്ധപ്പെട്ട കണ്ടെയ്നർ കൈമാറ്റ ബിസിനസ് ഒരു ചില്ലറ ഏർപ്പാടല്ല. സിംഗപ്പൂർ തുറമുഖത്തെ ഒരു ടെർമിനൽ ഓപ്പറേറ്റർ കമ്പനിയായ പി.എസ്.എ ഇന്റർനാഷണലിന്റെ കഴിഞ്ഞ വർഷത്തെ വരുമാനം 26,405 കോടി രൂപയും (460 കോടി സിംഗപ്പൂർ ഡോളർ) അറ്റാദായം 7,462 കോടി രൂപയും (130 കോടി സിംഗപ്പൂർ ഡോളർ) ആണ്. മൂന്ന് തുറമുഖങ്ങളിലും കൂടി സംഭവിക്കാൻ പോകുന്ന നഷ്ടം എത്ര ആയിരിക്കുമെന്ന് ഒന്ന് ഉൗഹിച്ചാൽ മതി, വിഴിഞ്ഞം തുറമുഖത്തിനെതിരായ എതിർപ്പിന്റെ അടിവേരുകൾ എവിടെയാണെന്ന് വ്യക്തമാകും. മൂന്ന് തുറമുഖങ്ങളിലെയും നഷ്ടമാണ് നമ്മുടെ ലാഭമായി മാറാൻ പോകുന്നത്.
കൂടംകുളം ആണവനിലയപദ്ധതി പൂട്ടിക്കെട്ടണമെന്നാവശ്യപ്പെട്ട് നടന്ന പ്രക്ഷോഭം കെട്ടടങ്ങിയത് പ്രധാനമന്ത്രിയായിരുന്ന ഡോ. മൻമോഹൻസിംഗ് 2012 ൽ നടത്തിയ ഒരു വെളിപ്പെടുത്തലോടെയാണ്. അമേരിക്കയിലെയും സ്കാൻഡിനേവിയൻ രാജ്യങ്ങളിലെയും ചില 'സർക്കാരിതര സംഘടനകൾ' അയയ്ക്കുന്ന പണമാണ് പ്രക്ഷോഭത്തിന് പിന്നിലെന്നായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. കള്ളക്കളി വെളിച്ചത്തും, കളിക്കാർ അകത്തുമാകുമെന്ന് തെളിഞ്ഞതോടെ പ്രക്ഷോഭത്തിന്റെ കാറ്റ് പോവുകയായിരുന്നു.
വിഴിഞ്ഞം തുറമുഖവിരുദ്ധ പ്രക്ഷോഭത്തിന് പിന്നിൽ വിദേശപണമാണെന്ന് കരുതാൻതക്ക ഒരു തെളിവുമില്ല. എന്നാൽ, പദ്ധതിക്കെതിരെ ദശലക്ഷങ്ങൾ പൊടിപൊടിച്ച് സുപ്രീംകോടതിയിൽ കേസ് നടത്തി തോറ്റ പരിസ്ഥിതിസ്നേഹികളുടെ പശ്ചാത്തലം കണ്ടെത്തിയാൽ അത്ഭുതം തോന്നാതിരിക്കില്ല.
വിഴിഞ്ഞം പ്രക്ഷോഭത്തിന് വക്കാലത്തുമായി ഇറങ്ങിയ പ്രതിപക്ഷ നേതാക്കൾ കൂടംകുളം പദ്ധതിയുടെ കാര്യത്തിൽ മൻമോഹൻസിംഗ് കൈക്കൊണ്ട നിലപാട് ഓർക്കേണ്ടതാണ്. പ്രായോഗിക രാഷ്ട്രീയത്തിന്റെ പര്യായപദങ്ങളിൽ ഒന്ന് ഇരട്ടത്താപ്പാണെന്ന് അറിയാം. എങ്കിലും, ഇരട്ടത്താപ്പിലും വേണം കുറച്ച് ഔചിത്യബോധം. വികസനത്തിൽ പ്രധാനം ഭരണപക്ഷമോ പ്രതിപക്ഷമോ അല്ല, ജനപക്ഷമാണ്.