atm

കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ 13 എ.ടി.എമ്മുകളിൽ നിന്ന് പണം തട്ടിയ ഉത്തരേന്ത്യക്കാരനെന്ന് സംശയിക്കുന്നയാൾക്കായുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കി. മുഖം പോലും മറയ്ക്കാതെ മോഷണം നടത്തുന്ന ഇയാളുടെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു.

എ.ടി.എമ്മിന്റെ പണംവരുന്ന ഭാഗത്ത് പേപ്പർ വച്ച് തടസപ്പെടുത്തിയാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. സ്കെയിൽ പോലെയുള്ള ഉപകരണമാണോ ഇയാൾ ഉപയോഗിക്കുന്നതെന്നും സംശയമുണ്ട്. ഇടപാടുകാരൻ പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ ലഭിക്കാതെ വരികയും തൊട്ടുപിന്നാലെ മോഷ്ടാവ് എത്തി തടസം മാറ്റി പണം എടുക്കുകയുമാണ് ചെയ്തത്. ഓരോ ഇടപാടുകാർ എ.ടി.എമ്മിൽ കയറുന്നതിന് മുൻപും ഇയാൾ കയറി മെഷീനിൽനിന്നു പണം വരുന്ന ഭാഗം അടച്ചുവയ്ക്കും.

കളമശേരി, തൃപ്പൂണിത്തുറ ഭാഗങ്ങളിലെ എ.ടി.എമ്മുകളിൽ നിന്ന് ഇയാൾ 25,000 രൂപ തട്ടിയതായും പൊലീസ് പറയുന്നു. പണം നഷ്ടമായതിനെ തുട‌ർന്ന് ഇടപാടുകാർ ബാങ്കിൽ വിവരമറിയിക്കുകയായിരുന്നു. ബാങ്ക് അധികൃതർ പൊലീസിനെ അറിയിച്ചു. 10,000 രൂപയോളം നഷ്ടമായവരാണ് ബാങ്കിൽ വിളിച്ച് പരാതി പറഞ്ഞത്.

കളമശേരി, തൃപ്പൂണിത്തുറ, തിരുവാങ്കുളം, വൈറ്റില, കടവന്ത്ര, ചേന്ദമംഗലം, എടപ്പള്ളി, ബാനർജി റോഡ് എന്നിവിടങ്ങളിലെ എ.ടി.എമ്മുകളിലാണ് തട്ടിപ്പ് നടന്നത്. സി.സി ടിവിയിൽ നിന്നുള്ള ദൃശ്യങ്ങൾ ശേഖരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. തട്ടിപ്പുകാരനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഉടൻ അറസ്റ്റുണ്ടാകുമെന്നും തൃക്കാക്കര എ.സി.പി പി.വി. ബേബി പറഞ്ഞു. സംഭവത്തിന് പിന്നിൽ കൂടുതൽ ആളുകളുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.