ആരാധകൻ തനിക്കായി ക്ഷേത്രം പണിതുവെന്ന് നടി ഹണി റോസ്. ഒരു ചാനൽ പരിപാടിക്കിടെ താരം ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു. പാണ്ടി എന്ന് വിളിക്കുന്ന തമിഴ് ആരാധകനാണ് തമിഴ് നാട്ടിൽ തനിക്കായി ക്ഷേത്രം പണിതതെന്ന് ഹണി റോസ് പറഞ്ഞു.
ആദ്യ സിനിമയായ ബോയ്ഫ്രണ്ട് മുതൽ സ്ഥിരമായി ഈ ആരാധകൻ ഫോണിൽ വിളിച്ച് അഭിനന്ദിക്കാറുണ്ടെന്ന് ഹണി റോസ് പറഞ്ഞു. എല്ലാ പിറന്നാൾ ദിനത്തിലും അദ്ദേഹം വിളിക്കും. നാട്ടുകാർക്ക് പായസം വിളമ്പിയെന്ന് അറിയിക്കും. ഇത്രയും വർഷമായി അദ്ദേഹം കൂടെനിൽക്കുന്നത് അത്ഭുതമാണെന്നും താരം വ്യക്തമാക്കി.
ചെറിയ ഇടവേളയ്ക്ക് ശേഷം അഭിനയത്തിൽ വീണ്ടും സജീവമാകുകയാണ് ഹണി റോസ്. തമിഴ് ചിത്രം പട്ടാംപൂച്ചിയിലൂടെയാണ് താരം തിരിച്ചുവരുന്നത്. തെലുങ്ക് സൂപ്പർതാരം നന്ദമൂരി ബാലകൃഷ്ണയുടെ ചിത്രത്തിലും ഹണി റോസാണ് നായിക. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായ മോൺസ്റ്ററാണ് താരം ഒടുവിൽ അഭിനയിച്ച മലയാള സിനിമ. ഈ ചിത്രം വൈകാതെ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ.