ramana

ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ ഇന്ന് വിരമിക്കുന്നു. മറ്റൊരു ചരിത്രത്തിന് കൂടി തുടക്കം കുറിച്ചാണ് അദ്ദേഹം വിരമിക്കുന്നത്. ഇതാദ്യമായി കോടതി നടപടികൾ ലൈവ് സ്ട്രീം ചെയ്യുന്നുണ്ട്. ജസ്റ്റിസ് രമണ അവസാന വിധി പ്രസ്താവങ്ങൾ നടത്തുന്നത് സംപ്രേഷണം ചെയ്തുകൊണ്ടാണ് ലൈവ് സ്ട്രീമിംഗ് ആരംഭിച്ചത്.

വിധി പ്രസ്താവങ്ങൾക്ക് ശേഷമാണ് യാത്രയയപ്പ് ചടങ്ങ്. പ്രത്യേക പ്ലാറ്റ്‍ഫോം വഴി ലൈവ് സ്ട്രീം ആരംഭിക്കാനുള്ള നീക്കത്തിന് നേരത്തെ തുടക്കം കുറിച്ചിരുന്നു. മാനഭംഗ കേസുകൾ, വിവാഹമോചന കേസുകൾ, അടച്ചിട്ട കോടതികളിൽ നടക്കുന്ന കേസുകൾ എന്നിവ ഒഴികെയുള്ള കേസുകളുടെ വിചാരണയാണ് പൊതുജനങ്ങൾക്ക് തത്സമയം കാണാനാകുക.

ജസ്‌‌റ്റിസ് എസ്.എ ബോബ്‌ഡെയുടെ പിൻഗാമിയായ കഴിഞ്ഞ ഏപ്രിൽ 24നാണ് എൻ വി രമണ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റത്. ആന്ധ്രാപ്രദേശിലെ കൃഷ്ണാ ജില്ലയിലെ പൊന്നാവാരം ഗ്രാമത്തിൽ 1957 ഓഗസ്റ്റ് 27നാണ് ജസ്റ്റിസ് എൻ വി രമണ ജനിച്ചത്.

1983 ഫെബ്രുവരി 10നാണ് അദ്ദേഹം അഭിഭാഷകനായി എൻറോൾ ചെയ്തത്. 2000 ജൂൺ 27ന് ആന്ധ്രാ പ്രദേശ് ഹൈക്കോടതിയിൽ ജഡ്ജിയായി നിയമിതനായി. 2013 മാർച്ച് 10 മുതൽ മേയ് 20 വരെ ആക്ടിംഗ് ചീഫ് ജസ്റ്റിസായി. 2013 സെപ്തംബർ രണ്ടിന് ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായി. 2014 ഫെബ്രുവരി 17നാണ് സുപ്രീംകോടതി ജഡ്ജിയായത്. ജസ്റ്റിസ് യു യു ലളിതാണ് അടുത്ത ചീഫ് ജസ്റ്റിസ്.