vizhinjam-protest

തിരുവനന്തപുരം: വിഴിഞ്ഞത്ത് ലത്തീൻ അതിരൂപത നടത്തുന്ന സമരത്തെ പിന്തുണയ്‌ക്കുന്ന കോൺഗ്രസ് നിലപാട് തള്ളി പദ്ധതി പ്രദേശത്തെ കൗൺസിലറും കോൺഗ്രസ് നേതാവുമായ സി.ഓമന. തിരുവനന്തപുരം നഗരസഭ മുല്ലൂർ വാർഡ് കൗൺസിലറാണ് ഓമന.വിഴിഞ്ഞം തുറമുഖമെന്നാണ് അറിയപ്പെടുന്നതെങ്കിലും പദ്ധതിപ്രദേശവും തുറമുഖ കവാടവും അടക്കം സ്ഥിതി ചെയ്യുന്നത് മുല്ലൂർ വാർഡിലാണ്. നിയമസഭയിൽ അടിയന്തര പ്രമേയം അവതരിപ്പിച്ച കോൺഗ്രസ് നീക്കത്തിന് ഘടകവിരുദ്ധമായാണ് സമരത്തിനെതിരായ പ്രാദേശിക കൂട്ടായ്‌മയിൽ ഓമന അംഗമായിരിക്കുന്നത്.

തുറമുഖം സ്ഥിതിചെയ്യുന്ന കോവളം മണ്ഡലത്തിലെ എം.എൽ.എയായ എം.വിൻസെന്റാണ് നിയമസഭയിൽ അടിയന്തരപ്രമേയം അവതരിപ്പിച്ചത്. തീരശോഷണത്തെപ്പറ്രി ഇനിയൊരു പഠനം നടത്തേണ്ട ആവശ്യമില്ലെന്ന് ഓമന കേരളകൗമുദിയോട് പറഞ്ഞു. എല്ലാം നോക്കിയ ശേഷമാണ് യു.പി.എ സർക്കാർ തുറമുഖ നിർമ്മാണത്തിന് അനുമതി നൽകിയത്. തുറമുഖ നിർമ്മാണം നിറുത്തിവയ്‌ക്കേണ്ടതില്ല. സമരം കാരണം നാട്ടിലെ ജനങ്ങൾക്ക് പുറത്തിറങ്ങാൻ പറ്റുന്നില്ല. സമരക്കാർക്കായി കൊണ്ടുവന്ന റെഡിമെയ്ഡ് ടോയ്‌ലെറ്റിലെ മലിനജലം അടുത്തുള്ള കനാലിലേക്കാണ് ഒഴുക്കിവിടുന്നത്. പൂർണമായും വാർഡിലുള്ളവരെ തഴഞ്ഞ് ജോലി പുരോഹിതരുടെ സ്വന്തക്കാർക്ക് നൽകുകയാണ്.ഒരൊറ്റ പൈപ്പ് കണക്ഷൻ പോലും വാർഡിലുള്ളവർക്ക് കിട്ടിയില്ലെന്നും ഓമന കുറ്റപ്പെടുത്തി.

അന്നത്തെ പാരിസ്ഥിതിക അനുമതി

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പാരിസ്ഥിതി,സാമൂഹിക ആഘാതപഠനത്തിനുള്ള (ഇ.എസ്‌.ഐ.എ) ടേമ്സ് ഒഫ് റഫറൻസ് അംഗീകരിച്ചത് യു.പി.എ സർക്കാരാണെന്നാണ് തുറമുഖ അനുകൂലികളും സമരത്ത എതിർക്കുന്ന പ്രാദേശിക കൂട്ടായ്‌മയിലെ നേതാക്കളും ചൂണ്ടിക്കാട്ടുന്നത്. 2013ലാണ് പാരിസ്ഥിതിക ആഘാതറിപ്പോർട്ടിന്റെ കരട്‌ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 2013 ആഗസ്റ്റ് 24ന് കേരള തീരദേശ പരിപാലന അതോറിട്ടി വിഴിഞ്ഞം പദ്ധതിക്ക്‌ പാരിസ്ഥിതിക അനുമതി നൽകി.കേന്ദ്രം പാരിസ്ഥിതികാനുമതി നൽകാനുള്ള നടപടി ആരംഭിച്ചപ്പോഴും അനുമതി ലഭിച്ചപ്പോഴും കേന്ദ്രത്തിലും കേരളത്തിലും കോൺഗ്രസ്‌ സർക്കാരായിരുന്നു ഭരിച്ചത്‌.ഹരിത ട്രൈബ്യൂണലിൽ വിഴിഞ്ഞം പദ്ധതിക്കെതിരെ നടന്ന കേസുകളിൽ 2014 സെപ്തംബറിൽ എതിർ സത്യവാങ്മൂലം നൽകിയത് കേന്ദ്ര വനം പരിസ്ഥിതി വകുപ്പാണ്. പദ്ധതിക്ക്‌ എല്ലാ പാരിസ്ഥിതിക അനുമതികളും സി.ആർ.ഇസഡ്‌ ക്ലിയറൻസും ഉണ്ടെന്ന്‌ വനം പരിസ്ഥിതി വകുപ്പ്‌ വാദിച്ചു. പിന്നെ തീരശോഷണത്തെപ്പറ്റി വീണ്ടും സാമൂഹിക പഠനം നടത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുന്നത് എന്തിനാണെന്നാണ് തുറമുഖ അനുകൂലികൾ ചോദിക്കുന്നത്.