sonia-rahul-priyanka

ലക്‌നൗ: മുതിർന്ന നേതാവ് ഗുലാം നബി ആസാദിന്റെ രാജിക്ക് പിന്നാലെ കോൺഗ്രസിനെതിരെ വിമർശനവുമായി യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ.

'കോൺഗ്രസിൽ നിന്ന് എല്ലാവരും സ്വതന്ത്രരാകുകയാണ്. ഗുലാം നബി ആസാദും അവരിലൊരാളാണ്. കുറച്ച് നാളുകൾക്ക് ശേഷം രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മാത്രമേ പാർട്ടിയിൽ തുടരൂ എന്നാണ് ഞാൻ കരുതുന്നത്'- കേശവ് പ്രസാദ് മൗര്യ പറഞ്ഞു.

Lucknow | "Congress se bohot log Azad ho gaye hai", Ghulam Nabi ji is also one of them. I think after some time, only Rahul Gandhi, Sonia Gandhi, and Priyanka Gandhi Vadra will remain in the party: Uttar Pradesh Deputy CM Keshav Prasad Maurya on Ghulam Nabi Azad's resignation pic.twitter.com/YwGkuU6a1s

— ANI UP/Uttarakhand (@ANINewsUP) August 27, 2022

കഴിഞ്ഞ ദിവസമാണ് കോൺഗ്രസിനെ ഞെട്ടിച്ചുകൊണ്ട് ഗുലാം നബി ആസാദ് പാ‌ർട്ടിയിൽ നിന്ന് രാജി വച്ചത്. പാർട്ടി നേതൃനിരയിൽ മാറ്റമാവശ്യപ്പടുന്ന വിമത ജി-23 നേതാക്കളിൽ പ്രമുഖനാണ് ഗുലാം നബി. അദ്ദേഹത്തെ പിന്തുണച്ച് ജമ്മുകാശ്‌മീർ മുൻ എം.എൽ.എമാരായ ജി.എം. സറൂരി, ഹാജി അബ്ദുൾ റഷീദ്, മൊഹമ്മദ് അമിൻ ഭട്ട്, ഗുൽസാർ അഹമ്മദ് വാനി, ചൗധരി മുഹമ്മദ് അക്രം തുടങ്ങിയവരും രാജിവച്ചിരുന്നു.നേതൃത്വവുമായി ഭിന്നതയിലുള്ള ആനന്ദ് ശർമ്മ, മനീഷ് തിവാരി, പി.ജെ. കുര്യൻ അടക്കം നേതാക്കളെയും ഗുലാംനബി പ്രതീക്ഷിക്കുന്നുണ്ട്.

2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സെപ്‌തംബർ ഏഴ് മുതൽ രാഹുലിന്റെ നേതൃത്വത്തിൽ ഭാരത് ജോഡോ യാത്ര തുടങ്ങാനിരിക്കെയാണ് അരനൂറ്റാണ്ട് പാരമ്പര്യമുള്ള പാർട്ടി കാരണവർ വിട്ടുപോകുന്നത്. ആസാദിനെ മുൻനിറുത്തി ജമ്മുകാശ്‌മീരിൽ തിരിച്ചുവരവ് നടത്താമെന്ന കണക്കുകൂട്ടലും ഇതോടെതെറ്റി.

ജമ്മുകാശ്‌മീർ തിരഞ്ഞെടുപ്പ് സമിതികളിൽ നിന്നൊഴിഞ്ഞ് അതൃപ്‌തി പരസ്യമാക്കിയതിന് പിന്നാലെയാണ് പ്രാഥമിക അംഗത്വം ഉൾപ്പെടെ എല്ലാ സ്ഥാനങ്ങളും ഗുലാംനബി വേണ്ടെന്നുവച്ചത്. തത്‌കാലം ജമ്മുകാശ്‌മീർ കേന്ദ്രമാക്കി പ്രവർത്തിക്കാനാണ് നീക്കം. ബി.ജെ.പിയിൽ ചേരില്ലെന്ന സൂചന നൽകിയെങ്കിലും രാജിക്ക് ശേഷം ബി.ജെ.പിക്കെതിരെ കാര്യമായ വിമർശനം നടത്തിയിട്ടില്ല. അടുത്തിടെ രാജ്യസഭയിൽ ആസാദിന്റെ വിടവാങ്ങൽ ചടങ്ങിൽ പ്രസംഗിക്കെ,​ കോൺഗ്രസിൽ അദ്ദേഹത്തിന് പിന്തുണ ലഭിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു.

രാജ്യസഭാ പ്രതിപക്ഷ നേതാവായിരുന്ന ആസാദിന് വീണ്ടും അവസരം നൽകാത്തതും ജമ്മുകാശ്‌മീർ ചുമതല നൽകി ഒതുക്കിയതും തിരിച്ചടിയായി. ഇതിനു പിന്നിൽ രാഹുലാണെന്നാണ് പക്ഷം. 1970ൽ കോൺഗ്രസിൽ ചേർന്ന ഗുലാംനബി 2005-2008 കാലത്ത് ജമ്മുകാശ്‌മീർ മുഖ്യമന്ത്രിയും 1982നും 2014നുമിടെ ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, നരസിംഹറാവു, മൻമോഹൻസിംഗ് എന്നീ പ്രധാനമന്ത്രിമാരുടെ കീഴിൽ കേന്ദ്രമന്ത്രിയുമായിരുന്നു. ദീർഘനാൾ കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമായിരുന്നു.