
ഫെർട്ടിലിറ്റി നിരക്കിൽ യൂറോപ്യൻ പാത പിന്തുടരുകയാണ് ദക്ഷിണ കൊറിയ. 2021ലെ രാജ്യത്തെ ഫെർട്ടിലിറ്റി നിരക്കുകളെ സംബന്ധിച്ചുള്ള പുതിയ വിവരങ്ങൾ പുറത്തു വന്നു. ഇക്കാലയളവിൽ നവജാത ശിശുക്കളുടെ എണ്ണം 266,000 ആയി കുറഞ്ഞിരിക്കുകയാണ്. ഇത് മുൻവർഷത്തേക്കാളും 11,800 എണ്ണം (4.3 ശതമാനം) കുറവാണ്. എന്നാൽ 35 വയസിനു മുകളിലുള്ള സ്ത്രീകളുടെ ഫെർട്ടിലിറ്റി നിരക്ക് മുൻവർഷത്തെ അപേക്ഷിച്ച് വർദ്ധിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. സ്റ്റാറ്റിസ്റ്റിക്സ് കൊറിയയാണ് ഈ വിവരങ്ങൾ പുറത്തു വിട്ടത്.
1970 വരെ പ്രതിവർഷം പത്തുലക്ഷത്തോളം നവജാത ശിശുക്കൾക്കാണ് ദക്ഷിണ കൊറിയ ജന്മം നൽകിയിരുന്നത്. എന്നാൽ ഇത് 2001 ആയപ്പോൾ നേർ പകുതിയായി കുറയുകയായിരുന്നു. പിന്നീട് ഇത് അവിടെ നിന്നും താഴേക്ക് വരുന്ന കാഴ്ചയാണുണ്ടായത്. 2002 ൽ 400,000 ആയും 2017ൽ ഇത് 300,000 ആയും കുറഞ്ഞു. ലോകത്താകമാനം കൊവിഡ് പിടിപെട്ട, സൂപ്പർ ബൂം ഉണ്ടാവുമെന്ന് വ്യാപക പ്രവചനമുണ്ടായിരുന്ന 2020ൽ എന്നാൽ ദക്ഷിണ കൊറിയയിൽ ജനിച്ചവരുടെ എണ്ണം 200,000 ആയി കുറയുകയാണുണ്ടായത്. ദക്ഷിണ കൊറിയയിൽ മൊത്തം ഫെർട്ടിലിറ്റി നിരക്ക് 0.81 ആണ്.
രാജ്യത്ത് ഒന്നിലധികം കുട്ടികളുള്ള കുടുംബങ്ങളുടെ എണ്ണത്തിലും വലിയ കുറവുണ്ട്. 2020ൽ രണ്ടോ അതിലധികമോ കുട്ടികളുള്ള കുടുംബങ്ങളിൽ ജനിച്ച കുട്ടികളുടെ എണ്ണം 21,000 ആയിരുന്നു. എന്നാൽ ഈ വർഷത്തെ കണക്കിൽ 5.9 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ജനനസമയത്തെ ലിംഗാനുപാതത്തിൽ 100 പെൺകുട്ടികൾക്ക് ആൺകുട്ടികളുടെ എണ്ണം 0.3 വർദ്ധിച്ച് 105.1 ആയി.