
മിസ് ഇംഗ്ളണ്ട് സൗന്ദര്യ മത്സരത്തിന്റെ 94 വർഷത്തെ ചരിത്രത്തിൽ മേക്കപ്പ് ഇല്ലാതെ മത്സരിച്ച ആദ്യത്തെ വനിതയായി ലണ്ടനിലെ ബാറ്റർസീ സ്വദേശിയായ മെലീസ റൗഫ്. സമൂഹം മുന്നോട്ട് വയ്ക്കുന്ന സൗന്ദര്യത്തിന്റെ മാനദണ്ഡങ്ങളിൽ നിന്ന് പുറത്തുകടക്കാനും സ്വതസിദ്ധമായ സൗന്ദര്യത്തെ അംഗീകരിക്കുവാനും സ്ത്രീകൾക്ക് പ്രചോദനമാവുക എന്ന ചിന്തയാണ് മെലീസയെ മേക്കപ്പ് ഇല്ലാതെ സൗന്ദര്യമത്സരത്തിൽ പങ്കെടുക്കാൻ പ്രേരിപ്പിച്ചത്.
ഇരുപതുകാരിയും പൊളിറ്റിക്‌സ് വിദ്യാർത്ഥിയുമായ മെലീസ മിസ് ഇംഗ്ളണ്ട് സൗന്ദര്യ മത്സരത്തിന്റെ ഫൈനലിസ്റ്റായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഒക്ടോബറിൽ നടക്കുന്ന ഫൈനൽസിൽ 40 പേരുമായാണ് മെലീസ ഏറ്റുമുട്ടേണ്ടത്. ഫൈനൽസിലും മേക്കപ്പ് ഇല്ലാതെ മത്സരിക്കാൻ തന്നെയാണ് മെലീസയുടെ തീരുമാനം.
സമൂഹം മുന്നോട്ട് വച്ച സൗന്ദര്യത്തിന്റെ അളവുകോലുകൾ നിലനിൽക്കുന്നതിനാൽ മിക്കവാറും പെൺകുട്ടികളും മേക്കപ്പ് അണിയാൻ നിർബന്ധിതരാവുകയാണ്. സ്വന്തം സൗന്ദര്യത്തിലും ചർമത്തിലും ഒരാൾ തൃപ്തയാണെങ്കിൽ മേക്കപ്പ് കൊണ്ട് മുഖം മറയ്ക്കാൻ അവരെ നിർബന്ധിതരാക്കാൻ പാടില്ല. ഒരാളുടെ കുറവുകളാണ് അയാളെ അയാളായി മാറ്റുന്നത്. പോരായ്മകളാണ് ഓരോ വ്യക്തികളെയും വ്യത്യസ്തരാക്കുന്നത്. ലാളിത്യമാണ് യഥാർത്ഥ സൗന്ദര്യമെന്നും മെലീസ പറയുന്നു.
അതേസമയം ആദ്യമായാണ് ഒരാൾ മേക്കപ്പ് ഇല്ലാതെ മിസ് ഇംഗ്ളണ്ട് സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുന്നതെന്ന് സംഘാടകർ പറയുന്നു.