
കണ്ണൂർ: ഫർണിച്ചർ ഫാക്ടറിക്ക് നഗരസഭ പൂട്ടിട്ടതോടെ തലശ്ശേരിയിൽ നിന്ന് നാടുവിട്ട വ്യവസായ ദമ്പതികളെ തിരിച്ചെത്തിച്ചു. പാനൂർ താഴെവീട്ടിൽ രാജ്‌കബീർ (58) ഭാര്യ ശ്രീദിവ്യ (48) എന്നിവരെ കോയമ്പത്തൂരിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്.
ട്രെയിനിൽ ഇന്ന് രാവിലെ പത്തരയോടെയാണ് ദമ്പതികളെ പൊലീസ് തലശ്ശേരിയിലെത്തിച്ചത്. തലശ്ശേരി നഗരസഭയുടെ പ്രതികാര നടപടിയിലാണ് നാടുവിട്ടതെന്ന് രാജ്‌കബീർ പ്രതികരിച്ചു. "ഒരു നിയമവും ലംഘിച്ചിട്ടില്ല. നഗരസഭയെ ഭയന്നാണ് നാടുവിട്ടത്. വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. എന്നാൽ ഇതിന് വിരുദ്ധമായാണ് നഗരസഭ പ്രവർത്തിച്ചത്"- അദ്ദേഹം ആരോപിച്ചു.
അതേസമയം, അടച്ചുപൂട്ടിയ ഫർണിച്ചർ കട തുറക്കാൻ അനുമതി ആയെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. താക്കോലുമായി ഇന്നലെ തന്നെ ഉദ്യോഗസ്ഥർ വീട്ടിലെത്തിയിരുന്നുവെന്നും സംരഭകരെ സഹായിക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കേണ്ടതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. നഗരസഭയെ കരുതിക്കൂട്ടി ആക്രമിക്കാൻ വേണ്ടിയാണ് രാജ് കബീറും ഭാര്യയും നാട് വിട്ടതെന്ന് ചെയർപേഴ്‌സൺ ജമുനാ റാണി നേരത്തെ പ്രതികരിച്ചിരുന്നു.