
നായ്ക്കളെ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ അധികവും. മനസും ശരീരവും എത്ര ക്ഷീണിച്ചിരുന്നാലും വീട്ടിലെ അരുമയായ നായ അരികത്ത് വന്നാൽ അതെല്ലാം നമ്മൾ മറക്കാറുണ്ട്. പക്ഷേ തെരുവ് നായ്ക്കളുടെ കാര്യത്തിൽ അതായിരിക്കില്ല സ്ഥിതി. പലരിലും ഇവ ഭയവും ശല്യവുമായി തീരാറുണ്ട്. കേരളത്തിൽ ഇപ്പോൾ തെരുവ് നായ ഭീഷണി വളരെയധികം വർദ്ധിച്ചിട്ടുണ്ട്. നായയുടെ കടിയേൽക്കുന്നവരുടെ എണ്ണം ക്രമാതീതമായി നാട്ടിൽ വദ്ധിച്ചുവരികയാണ്.
ഇനി ഗുജറാത്തിലെ ഒരു ഗ്രാമത്തിലെ കാര്യമാണ് പറയാൻ പോകുന്നത്. ഗ്രാമവാസികൾക്ക് തെരുവ് നായകളോടുള്ള സ്നേഹമാണ് കൗതുകകരം. സ്നേഹം എന്നതിലുപരി കുശ്കൽ ഗ്രാമവാസികൾക്ക് തെരുവ് നായകളോടുള്ള സമീപനം ജീവിതാചാരത്തിന്റെ ഭാഗമാണ്. തങ്ങൾക്കുള്ള സ്വത്തിന്റെ വലിയൊരു ഭാഗം ഈ ഗ്രാമീണർ തെരുവ് നായകൾക്കായി എഴുതി വയ്ക്കും. വിപണി വില എടുക്കുകയാണെങ്കിൽ കോടികൾ വിലമതിക്കുന്ന ഭൂസ്വത്തുക്കളാണ് ഇത്തരത്തിൽ നായ്ക്കളുടെ പേരിലുള്ളത്.
വെറുതെ പേരിനു മാത്രമാണ് സ്വത്ത് എഴുതി വയ്ക്കുന്നതെന്ന് കരുതരുത്. ആ ഭൂമിയിൽ നിന്ന് എന്തെല്ലാം ആദായം കിട്ടുന്നുണ്ടോ അതെല്ലാം നായകൾക്കുള്ളതാണ്. ഗ്രാമത്തിലുള്ള ഒരു നായയെ പോലും വിശന്ന് നടക്കാൻ ഗ്രാമീണർ സമ്മതിക്കില്ല. ലഡ്ഡു അടക്കമുള്ള മധുരപലഹാരങ്ങളാണ് ഇവയ്ക്ക് നൽകുന്നത്.
ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഗ്രാമീണർക്ക് തെരുവ്നായകളോടുള്ള സ്നേഹം. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പു തന്നെ ഈ ആചാരം അവർ അനുവർത്തിച്ചുവന്നിരുന്നു. ഗ്രാമത്തിലെ ഒരു പ്രത്യേക സ്ഥലത്താണ് നായകൾക്കുള്ള ഭക്ഷണം തയ്യാറാക്കുന്നത്. അതും ഏറ്റവും രുചികരമായ പദാർത്ഥങ്ങൾ ചേർത്ത്. നാട്ടിലെ ശ്വാനന്മാർ ഇതറിഞ്ഞാൽ ചിലപ്പോൾ പ്രാർത്ഥിച്ചുപോകും, നായയായി ജനിക്കുന്നെങ്കിൽ അത് ഗുജറാത്തിലെ കുശ്കൽ ഗ്രാമത്തിൽ ആകണേയെന്ന്.