vijay

കഴിഞ്ഞ ദിവസമാണ് വിജയ് ദേവരകൊണ്ട നായകനായി പുരി ജഗന്നാഥ് സംവിധാനം ചെയ്ത ലൈഗര്‍ എന്ന ചിത്രം റിലീസ് ചെയ്തത്. 3000 തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. എന്നാൽ വിജയ് ദേവരകൊണ്ടയ്ക്കെതിരെ എത്തിയിരിക്കുകയാണ് ഒരു തീയേറ്റർ ഉടമ. വിജയ്‌യുടെ അഹങ്കാരം ചിത്രത്തെ ബാധിച്ചുവെന്നാണ് അദ്ദേഹം പറഞ്ഞത്.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായുള്ള വാർത്താസമ്മേളനത്തിൽ വിജയ് മേശയ്ക്ക് മുകളിൽ കാലുകയറ്റി വച്ചത് വലിയ രീതിയിൽ വിവാദമുണ്ടാക്കിയിരുന്നു. ചിത്രം ബഹിഷ്‌കരിക്കണമെന്ന തരത്തില്‍ ആഹ്വാനമുയര്‍ന്നിരുന്നു. ഇതിനിടെയാണ് മുംബയിലെ പ്രമുഖ തീയേറ്റർ ഉടമയും മറാത്ത മന്ദിർ സിനിമയുടെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ മനോജ് ദേശായി വിമര്‍ശനവുമായി രംഗത്തെത്തിയത്.

'വിജയുടെ പെരുമാറ്റം ചിത്രത്തെ ദോഷമായി ബാധിച്ചു. ബഹിഷ്‌കരണ കാമ്പയിന്‍ നടക്കുമ്പോള്‍ ഞങ്ങളുടെ സിനിമ ബഹിഷ്‌കരിച്ചോളൂ എന്നാണ് വിജയ് പറഞ്ഞത്. നിങ്ങള്‍ എന്തിനാണ് സിനിമ ബഹിഷ്‌കരിച്ചോളൂ എന്ന് പറഞ്ഞ് അതിസാമര്‍ഥ്യം കാണിക്കുന്നത്. ഇങ്ങനെ ചെയ്താല്‍ ഒടിടിയില്‍ പോലും നിങ്ങളുടെ സിനിമ ആരും കാണില്ല. ഈ അഹങ്കാരം സിനിമയുടെ അഡ്വാന്‍സ് ബുക്കിങ്ങിനെ ബാധിച്ചു. നാശത്തിനരികിൽ നിൽക്കുമ്പോൾ ബുദ്ധി പ്രവർത്തിക്കില്ല. അതാണ് നിങ്ങളിപ്പോള്‍ ചെയ്യുന്നത്. നിങ്ങള്‍ തമിഴിലും തെലുങ്കിലും സിനിമ ചെയ്യുന്നതാണ് നല്ലത്.'- മനോജ് ദേശായി പറഞ്ഞു.