
നേപ്പാളിലെ ധീരൻമാർക്ക് ഇന്ത്യയെ സേവിക്കുവാനുള്ള അവസരം സൈന്യം നൽകുന്നുണ്ട്. ഇതിനായി ഗൂർഖാ റെജിമെന്റ് എന്ന പ്രത്യേക വിഭാഗം സൈന്യത്തിൽ പ്രവർത്തിക്കുന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്. വിവിധ യുദ്ധങ്ങളിൽ ഇന്ത്യയോടുള്ള കൂറ് തെളിയിച്ചവരുമാണ് ഗൂർഖാ റെജിമെന്റിൽ അംഗമായിട്ടുള്ള നേപ്പാളികൾ. എന്നാൽ അഗ്നിപഥ് സായുധ സേനാ പദ്ധതിയുമായി ഇന്ത്യൻ സർക്കാർ രംഗത്ത് വന്നതോടെ ഗൂർഖ റെജിമെന്റിനെ പറ്റിയുള്ള ചോദ്യങ്ങളും ഉയർന്നിരുന്നു. ഇന്ത്യൻ സൈന്യത്തിൽ ചേരാനുള്ള നേപ്പാളികളുടെ അവസരം ഇതോടെ നിലയ്ക്കുമോ എന്നതായിരുന്നു പ്രധാന ചോദ്യം. 1947ലെ ത്രികക്ഷി ഇന്ത്യ - നേപ്പാൾ - യുകെ കരാറിന്റെ ഭാഗമായിട്ടാണ് നേപ്പാളി യുവാക്കൾക്ക് സേനയിൽ ചേരാനുള്ള അനുമതി തുടർന്നത്. ഇന്ത്യൻ സൈനികർക്ക് ലഭിക്കുന്ന തുല്യ ആനുകൂല്യങ്ങളും പെൻഷൻ സൗകര്യങ്ങളുമാണ് ഇവർക്കും ലഭിക്കുന്നത്. അതിനാൽ തന്നെ ഇന്ത്യൻ സൈന്യത്തിൽ ചേരുക എന്നത് നേപ്പാളി യുവാക്കളുടെ സ്വപനവുമാണ്.
അഗ്നിപഥും ഗൂർഖാ റെജിമെന്റും
അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്തിനുള്ളിൽ ശബ്ദം ഉയർത്തുന്നവർ ചൂണ്ടിക്കാട്ടുന്ന പ്രധാന കാര്യം ഈ പദ്ധതിയോടെ റെജിമെന്റ് സംവിധാനത്തിന് അന്ത്യം കുറിക്കുമെന്നാണ്. എന്നാൽ ഇത് അസത്യ പ്രചരണമാണെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. എന്നാൽ ഗൂർഖാ റെജിമെന്റിന്റെ ഭാവി എന്താകും എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നുണ്ട്.
അഗ്നിപഥ് പദ്ധതിക്ക് കീഴിൽ ഗൂർഖ സൈനികരെ റിക്രൂട്ട് ചെയ്യാൻ ഇന്ത്യ ശ്രമിക്കുമ്പോൾ നേപ്പാളിന്റെ ഭാഗത്ത് നിന്നും തടസവാദങ്ങൾ ഉയരുകയാണ്. ഗൂർഖ സൈനികരെ റിക്രൂട്ട് ചെയ്യാൻ ഇന്ത്യ ഉറ്റുനോക്കുകയാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. എന്നാൽ അഗ്നിപഥ് പദ്ധതിക്ക് വേണ്ടിയുള്ള നേപ്പാളി യുവാക്കളുടെ റിക്രൂട്ട്‌മെന്റ് മാറ്റി വയ്ക്കാനാണ് ഇന്ത്യൻ സ്ഥാനപതി നവീൻ ശ്രീവാസ്തവയോട് നേപ്പാൾ വിദേശകാര്യ മന്ത്രി നാരായണ് ഖഡ്ക ആവശ്യപ്പെട്ടതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നേപ്പാളി യുവാക്കൾക്കായി ഓഗസ്റ്റ് 25ന് റിക്രൂട്ട്‌മെന്റ് ആരംഭിക്കുവാനാണ് ഇന്ത്യ തയ്യാറെടുത്തത്.
ഇന്ത്യൻ സൈന്യത്തിൽ 17-18 വർഷത്തോളം സേവനമനുഷ്ഠിക്കുമ്പോൾ മാത്രമാണ് ഒരു ഗൂർഖ സൈനികൻ പെൻഷന് അർഹമാകുന്നത്. എന്നാൽ അഗ്നിപഥ് സ്‌കീമിൽ നാല് വർഷത്തെ സേവനത്തിന് ശേഷം നേപ്പാളിലേക്ക് മടങ്ങേണ്ടിവുന്നവരുടെ ഭാവിയെ കുറിച്ചുള്ള ആശങ്ക അവസാനിച്ചിട്ടില്ല. ഇന്ത്യയിൽ അഗ്നിപഥിൽ നിന്നും പിരിയുന്നവർക്ക് അർദ്ധ സൈനിക വിഭാഗങ്ങളിലും, സർക്കാർ ജോലികളിലും അവസരമുണ്ട്, രാജ്യത്തെ പ്രധാന പ്രൈവറ്റ് കമ്പനികൾ പോലും ഇവർക്കായി കാത്തിരിക്കുകയാണ്. സൈന്യത്തിന്റെ ചിട്ടയും, അച്ചടക്കവും ശീലിച്ച യുവാക്കളെ ജോലിക്ക് കയറ്റാൻ ഇവർ തയ്യാറുമാണ്. എന്നാൽ നേപ്പാളിൽ ഇതല്ല സ്ഥിതി. 1947ലെ കരാറിന് വിരുദ്ധമാണ് ഇന്ത്യയുടെ നീക്കമെന്ന വികാരവും ഇവിടെയുണ്ട്.
പദ്ധതി എങ്ങനെ നടപ്പാക്കും എന്നതിനെക്കുറിച്ച് വ്യക്തത വരുത്തണമെന്ന് നേപ്പാൾ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിനോടും, ഇന്ത്യൻ സൈന്യത്തോടും ആവശ്യപ്പെട്ടിരുന്നു. അഗ്നിപഥ് സ്‌കീം അനുസരിച്ച്, റിക്രൂട്ട് ചെയ്യപ്പെടുന്നവരുടെ ഓരോ ബാച്ചിന്റെയും 25 ശതമാനം മാത്രമേ സായുധ സേനയുടെ റെഗുലർ കേഡറിലേക്ക് നിയമിക്കുകയുള്ളു. അതേസമയം ഒരു പരമാധികാര രാജ്യം മറ്റൊരു പരമാധികാര രാജ്യത്തിന്റെ സൈന്യത്തിന് വേണ്ടി യുദ്ധം ചെയ്യാൻ ജനങ്ങളെ അയക്കുന്നത് ഉചിതമല്ലെന്ന് മുൻ നേപ്പാൾ വിദേശകാര്യ മന്ത്രി പ്രദീപ് ഗ്യാവാലി ആരോപണം ഉന്നയിച്ചു.
എന്നാൽ ഇന്ത്യൻ സൈന്യത്തിൽ അണിചേരാൻ നൂറുകണക്കിന് നേപ്പാളി യുവാക്കളാണ് കൊതിക്കുന്നത്. അവരുടെ കുടുംബത്തിൽ ഇന്ത്യയ്ക്ക് വേണ്ടി പോരാടിയ നിരവധിപേരുണ്ട് എന്നതാണ് അതിന് കാരണം. ഇന്ത്യൻ സൈന്യത്തിൽ ചേരുന്നതിന്റെ ഒരു നീണ്ട പാരമ്പര്യമാണ് നേപ്പാളിനുള്ളത് എന്നതു കൊണ്ടുതന്നെ ഇപ്പോഴത്തെ വിവാദങ്ങളിൽ സ്വന്തം രാജ്യത്തെ പഴിക്കുന്ന യുവത്വമാണ് അധികവും. സ്വാതന്ത്ര്യാനന്തര കാലത്ത് ഇന്ത്യയും നേപ്പാളും തമ്മിലുണ്ടാക്കിയ സമാധാന കരാർ പ്രകാരം ഏതൊരു ഇന്ത്യക്കാരനും നേപ്പാളിൽ സ്ഥിരതാമസമാക്കാനും ഏത് ജോലിയും ചെയ്യാനും കഴിയും തിരിച്ചും ഇതുപോലെ നേപ്പാളിലുള്ളവർക്കും ചെയ്യാം. ഈ കരാർ പ്രകാരമാണ് നേപ്പാളിലെ ജനങ്ങൾ ഇന്ത്യൻ സേനയിൽ ജവാനും ഉദ്യോഗസ്ഥരും ആകുന്നത്. ബ്രിട്ടീഷുകാരുടെ കാലം മുതൽക്കേ നേപ്പാളി ഗൂർഖകളുടെ ധൈര്യവും ആത്മാർത്ഥതയും അംഗീകരിക്കപ്പെട്ട് തുടങ്ങിയതാണ് ഗൂർഖ റെജിമെന്റ്.